വാഷിങ്ടൺ: കോവിഡ് വ്യാപനത്തെ തടയാനാകുന്ന ചൂയിങ്ഗം വികസിപ്പിച്ച് ഗവേഷകർ. കൊറോണ വൈറസിനെ തടയുന്ന സസ്യനിർമിത പ്രോട്ടീനുകൾ ഉൾപ്പെടുത്തിയാണ് ചൂയിങ്ഗം നിർമിച്ചിട്ടുള്ളത്. ഇതു ഉമിനീരിലെ വൈറസിന്റെ എണ്ണം കുറയ്ക്കുകയും രോഗവ്യാപനം തടയുകയും ചെയ്യുന്നു.

ഉമിനീർ ഗ്രന്ഥികളിലാണ് വൈറസ് പെരുകുന്നത്. വൈറസിനെ ഉമിനീരിൽവെച്ച് നിർവീര്യമാക്കുകയാണ് ചൂയിങ്ഗം ചെയ്യുന്നത്. രോഗ വ്യാപനത്തിന്റെ ഉറവിടത്തെ തടസ്സപ്പെടുത്തുന്ന ലളിതമായ രീതിയാണ് വികസിപ്പിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ യു.എസിലെ പെൻസിൽവേനിയ സർവകലാശാലയിലെ ഹെന്റി ഡാനിയേൽ പറഞ്ഞു. പഠനം മോളികുലാർ തെറാപ്പി ജേണലിൽ പ്രസിദ്ധീകരിച്ചു.

ആൻജിയോടെൻസിൻ ഹോർമോണുകൾ രൂപാന്തരപ്പെടുത്തുന്ന എൻസൈം പ്രോട്ടീനുകളെക്കുറിച്ച് പഠനം കോവിഡിനുമുൻപ് ഗവേഷകർ നടത്തിയിരുന്നു. വിവിധ രോഗബാധകളെ പ്രതിരോധിക്കാൻ ഇവയ്ക്കു കഴിയുമെന്നു ഗവേഷകർ തെളിയിച്ചിരുന്നു. പല്ലുകളെ ബാധിക്കുന്ന ബാക്ടീരിയാരോഗത്തെ പ്രതിരോധിക്കുന്ന പ്രോട്ടീനുകളുള്ള ചൂയിങ്ഗം നിർമിക്കാനും ഇതേസമയം ഡാനിയേലും സഹപ്രവർത്തകരും ശ്രമിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രോട്ടീൻ ഗവേഷകർ ലാബിൽ നിർമിച്ചു.

ഇരുഗവേഷണങ്ങളേയും ഇണചേർത്ത ഗവേഷകർ കോവിഡ് വൈറസുകളെ പ്രതിരോധിക്കാൻ ചൂയിങ്ഗമിനു കഴിയുമെന്ന് കണ്ടെത്തുകയായിരുന്നു. വൈറസുകൾ കോശങ്ങളിലെത്തുന്നത് തടയാൻ ചൂയിങ്ഗമിനു കഴിയുന്നുണ്ട്.

ചൂയിങ്‌ഗം ഉപയോഗിച്ചുള്ള പരീക്ഷണം കോവിഡ് രോഗികളിൽ നടത്താനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ഗവേഷകർ. ചൂയിങ്ഗം ഫലപ്രദവും സുരക്ഷിതവുമാണ്. രോഗികളെ പരിചരിക്കുന്നവരെ കോവിഡ് ബാധയിൽനിന്ന്‌ രക്ഷിക്കാൻ ഇതു സഹായകരമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

Content Highlights: scientists develop chewing gum that can reduce Covid-19