ന്യൂഡല്‍ഹി: കൊറോണ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് റിപ്പോര്‍ട്ടുചെയ്ത പശ്ചാത്തലത്തില്‍ 40 വയസ്സിനുമുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കണമെന്ന് ജനിതകശാസ്ത്രജ്ഞരുടെ നിര്‍ദേശം. അപകടസാധ്യത അധികമുള്ളവരിലും അപകടസാധ്യതാമേഖലകളിലുമാണ് ബൂസ്റ്റര്‍ ഡോസ് നിര്‍ദേശിക്കുന്നത്.

ജനിതകശ്രേണി പരിശോധനയ്ക്കായി കേന്ദ്രം രൂപവത്കരിച്ച 28 ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗാണ് (ഇന്ത്യന്‍ സാര്‍സ്-കോവിഡ്-ജിനോമിക്‌സ് സീക്വന്‍സിങ് കണ്‍സോര്‍ഷ്യം) നിര്‍ദേശം മുന്നോട്ടുവെച്ചത്. പുതിയ വകഭേദത്തെ അതിജീവിക്കാന്‍ ആദ്യ രണ്ടുഡോസ് വാക്‌സിന് കഴിഞ്ഞേക്കില്ല. ആര്‍.ടി.പി.സി.ആര്‍. പരിശോധനയിലൂടെ ഒമിക്രോണ്‍ ബാധിതരെ ആദ്യഘട്ടത്തില്‍ത്തന്നെ കണ്ടെത്തുന്നുണ്ട്.

കോവിഷീല്‍ഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കാന്‍ അംഗീകാരം ആവശ്യപ്പെട്ട് ഉത്പാദകരായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അപേക്ഷ നല്‍കിക്കഴിഞ്ഞു. ബൂസ്റ്റര്‍ ഡോസ് ആവശ്യം പ്രതിപക്ഷം ലോക്സഭയിലും ഉന്നയിച്ചിട്ടുണ്ട്.

അംഗീകാരം തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

പുണെ: പുണെ ആസ്ഥാനമായുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീല്‍ഡിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ.) അനുമതി തേടി. ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി തേടുന്ന ആദ്യ കമ്പനിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇതുസംബന്ധിച്ച് ഡി.സി.ജി.ഐ.ക്ക് അപേക്ഷ അയച്ചിട്ടുണ്ടെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവണ്‍മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്‌സ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിങ് പറഞ്ഞു.

യു.കെ. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട് റെഗുലേറ്ററി ഏജന്‍സി അസ്ട്രസെനെക്കയുടെ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകം കോവിഡ് മഹാമാരിക്കെതിരേ നിരന്തരം പോരാടുകയാണെന്നും പലരാജ്യങ്ങളും കോവിഡിനെ നേരിടാന്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്കാന്‍തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ജനസംഖ്യയില്‍ വലിയൊരുവിഭാഗം ജനങ്ങളും കോവിഡ് ഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തിട്ടുണ്ടെന്നും ഇത്തരക്കാര്‍ ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യപ്പെടുന്നുണ്ടെന്നും പറയുന്നു.

Content Highlights: Scientists asked booster dose should be considered for people over 40 years of age