Representative Image| Photo: Canva.com
കൊച്ചി: നോറോ വൈറസ് സ്ഥിരീകരിച്ച എറണാകുളത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. കാക്കനാട് സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് രോഗബാധ. 62 വിദ്യാർഥികൾക്കും രക്ഷിതാക്കളിൽ ചിലർക്കും ലക്ഷണങ്ങൾ കണ്ടിരുന്നു. ലാബിലേക്ക് അയച്ച രണ്ടു സാംപിളും പോസിറ്റീവാണ്.
രോഗബാധിതരായ മൂന്നു കുട്ടികൾ ചികിത്സയിലുണ്ട്. ജില്ലാ ആരോഗ്യവകുപ്പിൽനിന്നുള്ള സംഘം സ്ഥലം സന്ദർശിച്ചു. ക്ലാസുകൾ താത്കാലികമായി അടച്ചു. രോഗ ലക്ഷണങ്ങൾ ഉള്ളവർ നിരീക്ഷണത്തിൽ തുടരണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.
രോഗം പടരാൻ സാഹചര്യങ്ങൾ ഉള്ളതിനാൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി. ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും കരുതൽ വേണമെന്നും വിദഗ്ധർ ഓർമിപ്പിച്ചു.
ഓൺലൈനായാണ് ബോധവത്കരണ ക്ലാസുകൾ. കുടിവെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സ്കൂളിലെ ശുചിമുറികളും ക്ലാസുകളും അണുവിമുക്തമാക്കി.
സൂക്ഷിക്കണം നോറോ വൈറസ്
ഉദരരോഗം ഉണ്ടാക്കുന്ന ഒരു കൂട്ടമാണ് നോറോ വൈറസുകൾ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും വൈറസ് കാരണമാകും. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും കരുതൽ വേണം. കുട്ടികൾ, പ്രായമായവർ, മറ്റ് രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.
പകരുന്നത് ഇങ്ങനെ
മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരും. രോഗബാധയുള്ളവരുമായി നേരിട്ട് സമ്പർക്കം വന്നാൽ രോഗം പടരും. രോഗബാധിതരുടെ വിസർജ്യം വഴിയും ഛർദിൽ വഴിയും വൈറസ് വേഗം പടരും. വളരെപ്പെട്ടെന്ന് പകരുന്നവയാണിത്.
ലക്ഷണങ്ങൾ
വയറിളക്കം, വയറുവേദന, ഛർദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഛർദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിച്ച് ഗുരുതരമായേക്കാം.
വെള്ളംമലിനമല്ലെന്ന് സ്കൂൾ അധികൃതർ
കൊച്ചി: സ്കൂളിലെ വെള്ളം മലിനമായതല്ല നോറോ വൈറസ് രോഗത്തിനു കാരണമെന്ന് സ്കൂൾ അധികൃതർ. കഴിഞ്ഞ നാലുമാസത്തെ കുടിവെള്ളം പരിശോധിച്ചതിന്റെ ഫലം കൈവശമുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഒന്നാം ക്ലാസിലെ ഇ ഡിവിഷനിലെ കുട്ടികൾക്കാണ് വൈറസ് ബാധിച്ചത്. സംഭവം ശ്രദ്ധയിൽ പെട്ട ഉടൻതന്നെ ആരോഗ്യ വിഭാഗം അധികൃതരെ വിവരമറിയിക്കുകയും ഒരിക്കൽ കൂടി വെള്ളം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. സ്കൂൾ പൂർണമായും അടച്ചിട്ട് ഓൺലൈൻ ക്ലാസാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.
എന്തു ചെയ്യണം ?
വൈറസ് ബാധിതർ ഡോക്ടറുടെ നിർദേശാനുസരണം വീട്ടിൽ വിശ്രമിക്കണം. ഒ.ആർ.എസ്. ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കണം. ചികിത്സ എടുക്കണം. രോഗം മാറി രണ്ട് ദിവസം വരെ വൈറസ് പടരാം. അതിനാൽ സുഖമായി രണ്ടുദിവസം കഴിഞ്ഞേ പുറത്തിറങ്ങാവൂ.
Content Highlights: school authorities on norovirus outbreak in ernakulam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..