ന്യൂഡല്‍ഹി: ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിരപ്പോരാളികള്‍, 60 കഴിഞ്ഞ മറ്റുരോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക് കരുതല്‍ വാക്‌സിനായി നല്‍കുക മുമ്പ് സ്വീകരിച്ച അതേ വാക്‌സിനെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍.

ബയോളജിക്കല്‍ ഇ-യുടെ കോര്‍ബിവാക്‌സ്, മൂക്കിലൂടെയുള്ള ഭാരത് ബയോടെക്കിന്റെ ബൂസ്റ്റര്‍ വാക്‌സിന്‍ ഉള്‍പ്പെടെയുള്ളവ കരുതല്‍ വാക്‌സിനായി പരിഗണിക്കുന്നതില്‍ ഭാവിയില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പല വാക്‌സിനുകള്‍ സംയോജിപ്പിച്ച് നല്‍കുന്നതും ആലോചനയിലുണ്ട്.

ജനുവരി 10-ന് ആരംഭിക്കുന്ന കരുതല്‍ വാക്‌സിന്‍ കുത്തിവെപ്പുപദ്ധതിയുടെ നടപടികള്‍ അന്തിമഘട്ടത്തിലാണ്. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിരപ്പോരാളികള്‍, 60 പിന്നിട്ട അസുഖബാധിതരായ 13 കോടി പേര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക. 19.1 കോടിയിലധികം ഡോസ് വാക്‌സിന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കലുണ്ട്.

കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചശേഷം ഒമ്പതുമാസം തികയുന്നവര്‍ക്ക് രജിസ്റ്റര്‍ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസ്. ലഭിക്കും. അപ്പോള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്‌തോ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ വാക്‌സിന്‍ സ്വീകരിക്കാം. 60 വയസ്സിനുമുകളിലുള്ള, മറ്റുരോഗങ്ങളുള്ള ഒരാള്‍ക്ക് മുന്‍കരുതല്‍ ഡോസ് ലഭിക്കാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കുത്തിവെപ്പിനുമുമ്പ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടാം. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമാണ്. സ്വകാര്യാശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ ലഭിക്കും.

Content Highlights: Same vaccine for covid19 precautionary dose