കോഴിക്കോട്: കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഒന്നും രണ്ടും ഡോസുകള്‍ ഒരേ ദിവസമെടുത്തതായി രേഖപ്പെടുത്തിയത് ആളുകളെ വട്ടംചുറ്റിക്കുന്നു.

തിരുത്താന്‍ വാക്സിനേഷന്‍ കേന്ദ്രംമുതല്‍ ഡി.എം.ഒ. ഓഫീസുവരെ കയറിയിറങ്ങിയിട്ടും പരിഹാരമാവുന്നില്ലെന്ന് ആളുകള്‍ പറയുന്നു. അപൂര്‍വം ചില സര്‍ട്ടിഫിക്കറ്റുകളിലാണ് ഈ പ്രശ്‌നമുള്ളതെങ്കിലും വിദേശത്ത് പോവാനിരിക്കുന്നവരാണ് ഇതുകൊണ്ട് ബുദ്ധിമുട്ടിലാവുന്നത്. യൂറോപ്പിലേക്കുള്ള യാത്രയ്ക്കായി 1.25 ലക്ഷം രൂപ അടച്ചിരുന്നെങ്കിലും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പിഴവുകാരണം പോകാന്‍ കഴിയുമോ എന്നറിയില്ലെന്ന് കൊയിലാണ്ടി ഗവ. മാപ്പിള എല്‍.പി. സ്‌കൂളിലെ അധ്യാപകന്‍ കെ.പി. സുകുമാരന്‍ പറയുന്നു. ഫെബ്രുവരി 26-നാണ് ഇദ്ദേഹം ആദ്യ ഡോസെടുത്തത്. രണ്ടാമത്തേത് ഏപ്രില്‍ 26-നും. പക്ഷേ, സര്‍ട്ടിഫിക്കറ്റില്‍ രണ്ടും ഒരേ തീയതിയാണ് രേഖപ്പെടുത്തിയത്.

സഹപ്രവര്‍ത്തകരായ മൂന്നുപേരുടെ സര്‍ട്ടിഫിക്കറ്റിലും സമാനമായ തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സമീപിച്ചപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് മറുപടി ലഭിച്ചത്. പിന്നീട് ഡി.എം.ഒ. ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ അത് താനെ ശരിയാവാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു. പക്ഷേ, ഇതുവരെ ശരിയായില്ലെന്ന് സുകുമാരന്‍ പറയുന്നു. കോവിന്‍ പോര്‍ട്ടലിന്റെ സാങ്കേതിത്തകരാറാണ് ഇത്തരം തെറ്റുകള്‍ക്ക് കാരണം.

സാങ്കേതിക വിഭാഗത്തെ സമീപിക്കണം

"ഇത്തരം പിഴവുകള്‍ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടെങ്കില്‍ വാക്സിനെടുത്ത കേന്ദ്രത്തിലോ, ഡി.എം.ഒ. ഓഫീസിലെ സാങ്കേതിക വിഭാഗത്തെയോ സമീപിച്ചാല്‍ മതി. പരിഹരിക്കാന്‍ മാര്‍ഗമുണ്ട്."

-ഡോ.എസ്. ജയശ്രി (ജില്ലാ മെഡിക്കല്‍ ഓഫീസര്‍,കോഴിക്കോട്)

Content Highlights:  Same date on both dose vaccination certificates, Health, Covid Vaccination, Covid19