കോട്ടയ്ക്കൽ: ഗുരുതരരോഗങ്ങൾ നേരിടുന്നവർക്കു മാസംതോറും നിശ്ചിതസംഖ്യ നൽകുന്ന സാമൂഹികസുരക്ഷാമിഷന്റെ സമാശ്വാസം പദ്ധതി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കുമാത്രമായി പരിമിതപ്പെടുത്തി. ഉത്തരവായിട്ടില്ലെങ്കിലും കഴിഞ്ഞവർഷം മുതലുള്ള കുടിശ്ശികയുൾപ്പെടെ ഇനി ബി.പി.എൽ. വിഭാഗക്കാർക്കുമാത്രം നൽകിയാൽമതിയെന്നാണ് മിഷന്റെ തീരുമാനം.

എണ്ണായിരത്തിലേറെ വരുന്ന ഗുണഭോക്താക്കളിൽനിന്ന് ബി.പി.എലുകാരെ തരംതിരിച്ച് ഓണത്തിനുമുൻപ്‌ കുടിശ്ശിക കൊടുക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. മുഴുവൻപേർക്കും കുടിശ്ശികയടക്കം കൊടുക്കണമെങ്കിൽ മുപ്പതുകോടിയോളം രൂപ വേണം. മാസംതോറും ഇത്ര വലിയ ബാധ്യത സർക്കാരിനു താങ്ങാനാകില്ലെന്ന് കഴിഞ്ഞ ഒക്ടോബർ പതിമൂന്നിനുചേർന്ന യോഗത്തിൽ ധനസെക്രട്ടറി വ്യക്തമാക്കിയിരുന്നു.

നാലുവിഭാഗങ്ങളായുള്ള പദ്ധതിയിൽ രണ്ടെണ്ണം നേരത്തേതന്നെ ദാരിദ്ര്യരേഖയ്ക്കു താഴെയാക്കി. പദ്ധതി മുഴുവനായും ബി.പി.എലുകാർക്കായി ചുരുക്കിയാൽ പകുതിയിലേറെ സാമ്പത്തികബാധ്യത കുറയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. അഞ്ചുകോടി രൂപ മാത്രമാണ് സമാശ്വാസം നൽകാൻ ഇപ്പോൾ സർക്കാർ അനുവദിച്ച തുക.

സമാശ്വാസം നാലുതരം

  • മാസത്തിലൊരിക്കലെങ്കിലും ഡയാലിസിസ് ചെയ്യേണ്ട ബി.പി.എൽ. രോഗികൾക്ക് മാസം 1100 രൂപ. ഗുണഭോക്താക്കൾ: 5849.
  • വൃക്ക, കരൾ മാറ്റിവെക്കലിനു വിധേയരായവർക്കു തുടർചികിത്സയ്ക്കു മാസം 1000 രൂപ. ഗുണഭോക്താക്കൾ: 1500.
  • ഹീമോഫീലിയയും അനുബന്ധരോഗങ്ങളും പിടിപെട്ടവർക്ക് മാസം 1000 രൂപ. ഗുണഭോക്താക്കൾ: 1327.
  • അരിവാൾരോഗം ബാധിച്ച ആദിവാസി, ഗോത്രവിഭാഗങ്ങൾ ഒഴികെയുള്ളവർക്ക് മാസം 2000 രൂപ. ഗുണഭോക്താക്കൾ: 198.

കുടിശ്ശികയുമേറെ

അവയവം മാറ്റിവെച്ചവർക്ക്‌ 2020 ജൂലായ് മുതലും ഡയാലിസിസ് രോഗികൾക്ക് 2020 ഫെബ്രുവരി മുതലും ഹീമോഫീലിയക്കാർക്ക് 2020 നവംബർ മുതലും സമാശ്വാസം നൽകാനുണ്ട്. അരിവാൾ രോഗികൾക്കുള്ള സഹായം മാത്രമാണു കൊടുത്തുതീർത്തത്.

Content Highlights: SAMASHWASAM relief scheme will now be provided only to BPL patients, Health