കോഴിക്കോട്: ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികള്‍ക്ക് ലഭിച്ചിരുന്ന സമാശ്വാസ പെന്‍ഷന്‍ നിലച്ചിട്ട് ഒമ്പതുമാസം. മൂന്നുവര്‍ഷം കുടിശ്ശികയായ സമയത്താണ് കഴിഞ്ഞ ഫെബ്രുവരിയില്‍ പതിനൊന്ന് മാസത്തെ പെന്‍ഷന്‍ ലഭിച്ചതെങ്കിലും വീണ്ടും കുടിശ്ശിക അതുപോലെ തുടരുകയാണ്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് ഓണത്തിനുപോലും ഒരാനുകൂല്യവും സര്‍ക്കാര്‍ അനുവദിച്ചില്ല. പ്രതിമാസം 1100 രൂപ വീതമുള്ള സമാശ്വാസ പെന്‍ഷന്‍ പഴയ ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമാണ് (2013 മുതല്‍) ലഭിക്കുന്നത്.

അതേസമയം 2018 മുതല്‍ ഡയാലിസിസ് ചെയ്യുന്ന സാമൂഹ്യ സുരക്ഷാ മിഷനില്‍ അപേക്ഷ സമര്‍പ്പിച്ച ജില്ലയിലെ ആയിരത്തോളം ഡയാലിസിസ് രോഗികള്‍ ഇപ്പോഴും സമാശ്വാസ പെന്‍ഷന്‍ പദ്ധതിക്ക് പുറത്താണ്. മാസത്തിലൊരിക്കല്‍ ഡയാലിസിസിന് വിധേയരാകുന്ന ബി.പി.എല്‍. വിഭാഗത്തിലെ വൃക്ക രോഗികള്‍ക്കാണ് സമാശ്വാസ പെന്‍ഷന് അര്‍ഹത. ഒരു ലക്ഷത്തോളം വൃക്കരോഗികളുള്ള സംസ്ഥാനത്ത് 20,000 പേര്‍ ആഴ്ചയില്‍ രണ്ടും മൂന്നും തവണ ഡയാലിസിസ് ചെയ്യുന്നവരാണ്. കോഴിക്കോട് ജില്ലയില്‍ മാത്രം രണ്ടായിരത്തിലേറെ ഡയാലിസിസ് രോഗികളുണ്ട്.

2018 മുതല്‍ ഡയാലിസിസിന് വിധേയരാകുന്ന ഗുരുതര രോഗമുള്ളവര്‍ സകല രേഖകളും മൂന്നു വര്‍ഷം മുമ്പ് അധികൃതര്‍ക്ക് സമര്‍പ്പിച്ചെങ്കിലും ഫണ്ടില്ലെന്ന പേരില്‍ പെന്‍ഷന്‍ നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ വിവിധയിടങ്ങളില്‍ നടന്ന മന്ത്രിമാര്‍ പങ്കെടുത്ത സാന്ത്വനസ്പര്‍ശം അദാലത്തില്‍ രേഖകള്‍ വീണ്ടും ഹാജരാക്കിയപ്പോള്‍ പെന്‍ഷന്‍ ഉടന്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതാണെന്ന് കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍, ആശ്രയ കിഡ്നി പേഷ്യന്റ്സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ ഭാരവാഹികള്‍ പറയുന്നു.

കോവിഡ് വന്ന് മരിച്ചവരുടെ ആശ്രിതര്‍ക്ക് മാസം 5000 രൂപ വീതം പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടി വലിയ ആശ്വാസമാണ്. എന്നാല്‍ ദുരിതമനുഭവിക്കുന്ന ഡയാലിസിസ് രോഗികളെ അവഗണിക്കരുതെന്നും സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.

Content Highlights: SAMASHWASAM pension for kidney patients is on due, Health