സാമന്ത റൂത് പ്രഭു | Photos: instagram.com/samantharuthprabhuoffl
കഴിഞ്ഞ വർഷമാണ് തെന്നിന്ത്യൻ താരം സാമന്ത റൂത് പ്രഭു തന്റെ രോഗവിവരത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗമാണ് തന്നെ ബാധിച്ചതെന്ന് ഇൻസ്റ്റഗ്രാമിലൂടെയാണ് സാമന്ത അറിയിച്ചത്.
ഇപ്പോഴിതാ തന്റെ ആരോഗ്യത്തെക്കുറിച്ചും രോഗത്തോടുള്ള പോരാട്ടത്തെക്കുറിച്ചും വീണ്ടും പങ്കുവെച്ചിരിക്കുകയാണ് സാമന്ത. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സാമന്തയുടെ തുറന്നുപറച്ചിൽ. കടന്നുപോയ കഠിനമായ സമയത്തെക്കുറിച്ചും പ്രൊഫഷൻ എത്രത്തോളം ആ പോരാട്ടത്തിന് താങ്ങായി നിന്നു എന്നുമൊക്കെയാണ് സാമന്ത പറയുന്നത്.
തന്റെ ജോലിയാണ് ഇക്കാലമത്രയും പിന്തുണയായതെന്നും അതിലേക്ക് തിരികെ വരാനായി താൻ കഠിനമായി പോരാടുകയായിരുന്നു എന്നും സാമന്ത പറയുന്നു. ചികിത്സ സംബന്ധിച്ച് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് മാറിനിന്ന തന്നെ ക്ഷമയോടെ കാത്തിരുന്ന ശാകുന്തളം സിനിമയുടെ അണിയറ പ്രവർത്തകർക്കും സാമന്ത നന്ദി പറയുന്നുണ്ട്. താൻ കടന്നുപോകുന്നത് എന്തിലൂടെയാണെന്ന് മനസ്സിലാക്കുകയും ക്ഷമയോടെ തന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയുമാണ് അവർ ചെയ്തത്.
രോഗത്തോടുള്ള കഠിനമായ പോരാട്ടത്തെക്കുറിച്ചും സാമന്തയ്ക്ക് പറയാനുണ്ട്. ഒരു ദിവസവും സമാനമല്ല, എല്ലാ ദിവസവും വ്യത്യസ്തമാണ്. ഉയർച്ചകളും താഴ്ച്ചകളും വളരെ മോശം താഴ്ച്ചകളുമൊക്കെ ഉണ്ടാവും. കഠിനമായ കാലം ഇതിനകം ഉണ്ടായെന്നും ജീവിതം പഠിപ്പിക്കേണ്ടതെല്ലാം പഠിച്ചുവെന്നും വേണ്ടത്ര വളർന്നുവെന്നുമൊക്കെ കരുതി. എന്നാൽ ഇക്കഴിഞ്ഞ എട്ടുമാസമാണ് ഒരുവ്യക്തി എന്ന നിലയിൽ താൻ ആരാണെന്നും യഥാർഥ മാനസിക ബലം എന്താണ് എന്നും തനിക്ക് കാണിച്ചു തന്നത്- സാമന്ത പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ആശുപത്രിയില്‍നിന്നുള്ള ഒരു ഫോട്ടോ പങ്കുവെച്ച് സാമന്ത അസുഖവിവരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
പ്രേക്ഷകരുടെ സ്‌നേഹമാണ് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് നല്‍കുന്നതെന്നു പറഞ്ഞാണ് താരം രോഗത്തെക്കുറിച്ച് പങ്കുവെച്ചത്.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഓട്ടോ ഇമ്മ്യൂൺ രോഗമായ മയോസൈറ്റിസ് പിടിപെട്ടു. രോഗം ഭേദമായിക്കഴിഞ്ഞ ശേഷം നിങ്ങളോട് പറയാമെന്ന് കരുതിയതായിരുന്നു. പക്ഷേ, ഇത് മാറാന്‍ ഞാന്‍ വിചാരിച്ചതിലും സമയമെടുക്കും-എന്നായിരുന്നു സാമന്ത അന്ന് കുറിച്ചത്.
എന്താണ് മയോസൈറ്റിസ് ?
എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ് . ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിന്‍ഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും.
നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. ഇരിക്കാനും നില്‍ക്കാനുമുള്ള പ്രയാസം, തല ഉയര്‍ത്തിപ്പിടിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മയോസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്.
Content Highlights: Samantha Ruth Prabhu Opens Up On Her Health Condition Myositis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..