ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ പരിശോധനാ നിർദേശങ്ങൾ പുതുക്കി ഐ.സി.എം.ആർ. രാജ്യത്തെ ലബോറട്ടറികളുടെ എണ്ണക്കുറവും ആരോഗ്യപ്രവർത്തകരുടെ രോഗബാധയും കണക്കിലെടുത്താണിത്. ആർ.ടി.പി.സി.ആർ. ടെസ്റ്റിലൂടെ ഒരിക്കൽ കോവിഡ് പോസിറ്റീവാണെന്നു വ്യക്തമായാൽ ചികിത്സയ്ക്കു ശേഷം വീണ്ടും പരിശോധന വേണ്ടെന്നാണ് പുതിയ മാർഗനിർദേശം. ലക്ഷണങ്ങൾ ഇല്ലാതായി രോഗം മാറി എന്നു ബോധ്യമായാൽ ടെസ്റ്റ് നടത്താതെത്തന്നെ പറഞ്ഞയക്കാം. ആരോഗ്യമുള്ള വ്യക്തികൾ അന്തഃസ്സംസ്ഥാന യാത്രകൾ നടത്തുമ്പോഴും ആർ.ടി.പി.സി.ആർ. ഒഴിവാക്കണം - പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

നിലവിൽ 20 ശതമാനത്തിലധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും എങ്കിലും ഇന്ത്യയിലാകെ 2506 മോളിക്കുലാർ ടെസ്റ്റിങ് ലബോറട്ടറികൾ മാത്രമാണുള്ളതെന്നും ഐ.സി.എം.ആർ. ചൂണ്ടിക്കാട്ടി. 24 മണിക്കൂറും മൂന്നു ഷിഫ്റ്റുകളിലായി പ്രവർത്തിച്ചാലും ഇവയിൽ 15 ലക്ഷം പരിശോധനകൾ മാത്രമാണ് സാധ്യമാവുക.

കോവിഡ് ലക്ഷണങ്ങളുള്ളവർ അത്യാവശ്യമല്ലാത്ത അന്തഃസ്സംസ്ഥാനയാത്രകൾ ഒഴിവാക്കുകയും ആരോഗ്യമുള്ളവർ കോവിഡ് നിബന്ധനകൾ കർശനമായി പാലിക്കുകയും വേണം. സംസ്ഥാനങ്ങൾ സഞ്ചരിക്കുന്ന ടെസ്റ്റിങ് ലബോറട്ടറികൾ പ്രോത്സാഹിപ്പിക്കണം.

റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (റാറ്റ്) സൗകര്യങ്ങൾ വൻതോതിൽ കൂട്ടണമെന്നാണ് ഐ.സി.എം.ആറിന്റെ മറ്റൊരു പ്രധാന നിർദേശം. എല്ലാ സർക്കാർ-സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യമൊരുക്കണം.

നിലവിൽ പൊതു-സ്വകാര്യ മേഖലകളിലുള്ള ആർ.ടി.പി.സി.ആർ. ലബോറട്ടറികൾ പൂർണതോതിൽ ഉപയോഗിക്കാൻ സംസ്ഥാന സർക്കാരുകൾ ഇടപെടണം. റാറ്റ് ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവരെ ആശുപത്രികളിലേക്കയക്കാതെ വീട്ടുചികിത്സ നൽകുക. ഇവർക്കും ഭേദമായാൽ വീണ്ടും പരിശോധനയുടെ ആവശ്യമില്ല. ലക്ഷണമുള്ളവർ റാറ്റ് ടെസ്റ്റിൽ നെഗറ്റീവ് ആണെങ്കിലും ആർ.ടി.പി.സി.ആർ. നടത്തി, ഹോം ക്വാറന്റീനിൽ കഴിയണം -ഐ.സി.എം.ആർ. നിർദേശിച്ചു.

Content Highlights: RTPCR test is not required during hospital discharge, Health, Covid19, Corona Virus