മംഗളൂരു: തലപ്പാടിയില്‍ കര്‍ണാടക നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനു പിന്നാലെ മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുമായി രംഗത്തെത്തി. മംഗളൂരുവിലെ കോളേജുകളില്‍ പഠിക്കുന്ന കേരളത്തിലെയും മഹാരാഷ്ട്രയിലെയും വിദ്യാര്‍ഥികള്‍ ആഴ്ചയിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണമെന്ന് കോര്‍പ്പറേഷന്‍ കമ്മിഷണര്‍ അക്ഷയ് ശ്രീധര്‍ ഉത്തരവിട്ടു. കോവിഡ് മൂന്നാംതരംഗ ഭീതി നിലനില്‍ക്കുന്നതിനാലാണ് ഈ തീരുമാനമെന്നാണ് വിശദീകരണം.

കേരളത്തിലെയും മഹാരാഷ്ട്രയിലെയും വിദ്യാര്‍ഥികള്‍ക്ക് മാത്രമാണോ കോവിഡ് മൂന്നാംതരംഗം ബാധിക്കുക എന്ന ചോദ്യത്തിന് ഇരു സംസ്ഥാനങ്ങളിലുമാണ് നിലവില്‍ കോവിഡ് വ്യാപനനിരക്ക് കൂടുതല്‍ എന്നാണ് വിശദീകരണം. വിവിധ കോളേജ് അധികൃതരെ വിളിച്ചുചേര്‍ത്ത് നടത്തിയ യോഗത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ കമ്മിഷണര്‍ അവതരിപ്പിച്ചത്.

കോളേജുകളിലെ കാലാസാംസ്‌കാരിക പരിപാടികള്‍ രണ്ടുമാസം കഴിഞ്ഞുമാത്രമേ നടത്താവൂ. സെമിനാറുകളും ശില്പശാലകളും ഓണ്‍ലൈനായി നടത്തണം. എല്ലാ വിദ്യാര്‍ഥികളും വാക്‌സിന്‍ രണ്ട് ഡോസും എടുത്തോ എന്ന് മാനേജ്മെന്റ് പരിശോധിക്കണമെന്നും നിര്‍ദേശങ്ങളിലുണ്ട്. ഒരു പ്രദേശത്ത് 10 പേര്‍ വാക്‌സിന്‍ എടുക്കാനുണ്ടെങ്കില്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചാല്‍ അങ്ങോട്ട് പ്രത്യേക വണ്ടി വിട്ട് അവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.

ജില്ലാ ആരോഗ്യ ഓഫീസര്‍ ഡോ. കിഷോര്‍ കുമാര്‍, കോര്‍പ്പറേഷന്‍ ആരോഗ്യ ഓഫീസര്‍ ഡോ. അശോക്, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അജിത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Content Highlgihts: RTPCR for Malayalee students in Mangalore once in a week