ബെംഗളൂരു: കർണാടകത്തിലേക്ക് കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

ജൂലായ് രണ്ടുമുതൽ കേരളത്തിൽനിന്നുവരുമ്പോൾ വാക്സിൻ ഒരു ഡോസെങ്കിലും എടുത്തവർക്ക് ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ, കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.

അതേസമയം, ആരോഗ്യപ്രവർത്തകർക്കും രണ്ടുവയസ്സിനുതാഴെയുള്ള കുട്ടികൾക്കും അടിയന്തരചികിത്സ, മരണം തുടങ്ങിയ ആവശ്യങ്ങൾക്ക് വരുന്നവർക്കും ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ല. ദിവസേന പഠനത്തിനായും ബിസിനസ് ആവശ്യത്തിനും മറ്റുമെത്തുന്നവർ 15 ദിവസം കൂടുമ്പോൾ ആർ.ടി.പി.സി.ആർ. പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിർദേശമുണ്ട്.

ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രമേ വിമാനത്താവളത്തിൽ ബോർഡിങ് പാസ് നൽകാവൂവെന്ന് ഉത്തരവിൽ പറയുന്നു. തീവണ്ടിയിൽ എല്ലായാത്രക്കാരുടെ കൈയിലും നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെന്ന് റെയിൽവേ അധികൃതർ ഉറപ്പുവരുത്തണം. ബസിൽ കണ്ടക്ടർമാർ ഈകാര്യം ഉറപ്പുവരുത്തണം.

Content Highlights: RTPCR Certificate Mandator  for those coming to Karnataka, Health, Covid19