കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് യു.എ.ഇ.യിലേക്ക് പോകുന്ന യാത്രക്കാരിൽനിന്ന് റാപ്പിഡ് പി.സി.ആർ. ടെസ്റ്റിന് ഈടാക്കുന്നത് 2,490 രൂപ. പുറത്തുള്ള ലാബുകളിൽനിന്ന് 48 മണിക്കൂർ മുൻപുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്ന യു.എ.ഇ.യിലേക്കുള്ള യാത്രക്കാരും വിമാനത്താവളത്തിൽനിന്ന് റാപ്പിഡ് പി.സി.ആർ. ടെസ്റ്റെടുക്കണം. യു.എ.ഇ. സർക്കാരിന്റെ നിബന്ധനയാണിത്.

പുറത്തുള്ള ലാബുകളിൽ 300 മുതൽ 500 രൂപവരെ ഈടാക്കുമ്പോഴാണ് വിമാനത്താവളത്തിൽ ഇതേ പരിശോധനയ്ക്ക് 2,490 രൂപ ഈടാക്കുന്നത്. യു.എ.ഇ.യിൽനിന്ന് തിരിച്ചുവരുമ്പോൾ ഈ ടെസ്റ്റ് നടത്തേണ്ടതില്ല.

ടെസ്റ്റിന് വിധേയരാകുന്നവർ മണിക്കൂറുകളോളം നീണ്ട ക്യൂവിൽ കാത്തു നിൽക്കണം. ഇവർക്ക് വേണ്ട സൗകര്യങ്ങൾ വിമാനത്താവളത്തിൽ ഇല്ലെന്നും പരാതിയുണ്ട്.

കോവിഡ് കാലത്ത് ഒരു തൊഴിലുമില്ലാതെ നാട്ടിൽക്കഴിഞ്ഞ് തിരിച്ചു പോകുന്നവർക്ക് തിരിച്ചടിയാവുകയാണ്‌ ഈ പകൽക്കൊള്ള. ഒരു സ്വകാര്യ കമ്പനിക്കാണ് ടെസ്റ്റ് നടത്തുന്നതിന്റെ കരാർ.

കോഴിക്കോട് വിമാനത്താവളത്തിലും നേരത്തേ 2,490 രൂപ ഈടാക്കിയിരുന്നെങ്കിലും പ്രതിഷേധത്തെത്തുടർന്ന് കുറച്ചു.

Content Highlights: rt pcr test rate, rt pcr test rate in kannur airport