തിരുവനന്തപുരം: കഴിഞ്ഞ രണ്ടുമാസങ്ങളിൽ കോവിഡ് പോസിറ്റീവ് ആയവർ ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടതില്ലെന്നു ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ആന്റിജൻ പരിശോധന അടിയന്തര ആവശ്യങ്ങൾക്കു മാത്രമാണ്. ഗൃഹനിരീക്ഷണത്തിൽ തുടരുന്ന കോവിഡ് പോസിറ്റീവ് ആയ എല്ലാ യുവാക്കളും പ്രമേഹപരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

വാക്സിന്റെ രണ്ടാം ഡോസ് കാലതാമസം കൂടാതെ എടുക്കണം. സെപ്റ്റംബർ മൂന്നുമുതൽ ഒന്പതുവരെ ശരാശരി 2,42,278 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ രണ്ടു ശതമാനം പേർക്കുമാത്രമാണ് ഓക്സിജൻ കിടക്കകൾ ആവശ്യമായി വന്നത്. ഒരു ശതമാനം പേർക്ക് ഐ.സി.യു.വും വേണ്ടിവന്നു. ടി.പി.ആർ., പുതിയ കേസുകൾ എന്നിവയുടെ വളർച്ചനിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ യഥാക്രമം എട്ടും പത്തും ശതമാനം കുറവ് ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ കോവിഡ് ബാധിതരായ വ്യക്തികളിൽ ആറുശതമാനം പേർ കോവിഡ് വാക്സിന്റെ ഒരു ഡോസും 3.6 ശതമാനം കോവിഡ് വാക്സിന്റെ രണ്ടു ഡോസും എടുത്തിരുന്നു. അണുബാധ തടയാൻ വാക്സിനേഷനു ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും എന്നാൽ, വാക്സിനേഷൻ എടുത്ത ആളുകൾക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.