പ്രതീകാത്മക ചിത്രം | Photo: canva.com/
കൊരട്ടി: അന്ധതയുടെ ഇരുളകറ്റുകയെന്ന സന്ദേശം നല്‍കി സന്നദ്ധസംഘടനയായ റോയല്‍ ട്രാക്ക് ഇതുവരെ വെളിച്ചം പകര്‍ന്നത് മുന്നൂറിലധികം പേര്‍ക്ക്. പതിനഞ്ചുവര്‍ഷംമുമ്പ് കൊരട്ടിയില്‍ തുടക്കംകുറിച്ച ചാരിറ്റി ക്ലബ്ബായ റോയല്‍ ട്രാക്കാണ് നേത്രദാനം മുഖ്യലക്ഷ്യമാക്കി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജരായിരിക്കുന്നത്.
മരണവിവരമറിഞ്ഞാല്‍ ഏത് പാതിരായിലും അവിടെയെത്തി ഇവര്‍ പരേതരുടെ കണ്ണുകള്‍ ദാനംചെയ്യുന്നതിനുള്ള സൗകര്യമൊരുക്കി നല്‍കും. 80 പേരാണ് ക്ലബ്ബില്‍ അംഗങ്ങളായുള്ളത്. ഈ വര്‍ഷം മാത്രം ഇതുവരെ 112 പേരുടെ കണ്ണുകള്‍ ശേഖരിച്ച് അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിക്ക് കൈമാറി. മരണമുണ്ടായാല്‍ റോയല്‍ ട്രാക്ക് പ്രവര്‍ത്തകര്‍ വിവരം ആശുപത്രി അധികൃതരെ അറിയിക്കും. ഏഴുവര്‍ഷം മുമ്പാണ് റോയല്‍ ട്രാക്ക് നേത്രദാനം മുഖ്യലക്ഷ്യമായി പ്രഖ്യാപിക്കുന്നത്. തുടക്കത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ നേത്രദാനത്തിന് മടിച്ചിരുന്നെങ്കിലും നിരന്തര ഇടപെടലിലൂടെ ഈ സമീപനത്തില്‍ മാറ്റം വന്നതായി റോയല്‍ ട്രാക്ക് അംഗങ്ങള്‍ പറയുന്നു.
നേത്രദാനത്തിന് പുറമേ ചികിത്സാസഹായമുള്‍പ്പെടെ ഒട്ടേറേ കാരുണ്യ പ്രവര്‍ത്തനങ്ങളിലും റോയല്‍ ട്രാക്ക് സജീവമാണ്. ബാബു വാഴപ്പിള്ളി പ്രസിഡന്റും സണ്ണി നാലപ്പാട്ട് സെക്രട്ടറിയും പി.ടി. ആന്റു ട്രഷററുമായ ഭരണസമിതിയാണ് റോയല്‍ ട്രാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നേത്രദാനരംഗത്തെ മികവ് കണക്കിലെടുത്ത് ജനകീയ സമിതി പ്രത്യേക പുരസ്‌കാരം നല്‍കിയും റോയല്‍ ട്രാക്കിനെ ആദരിച്ചിട്ടുണ്ട്.
റോയല്‍ ട്രാക്കിന്റെ 14-ാം വാര്‍ഷികസംഗമം ഞായറാഴ്ച വൈകിട്ട് അഞ്ചിന് കൊരട്ടി പാരിഷ് ഹാളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Content Highlights: royal track eye donation, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..