Representative Image | Photo: Gettyimages.in
കൊച്ചി: കോവിഡ് കാലത്ത് കൂടുതൽ കാലം ആശുപത്രിയിൽ കഴിയേണ്ടി വരുന്നത് ആരോഗ്യഭീഷണിയാകുമെന്നതിനാൽ സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുകയാണ് പലരും. ഈ സാഹചര്യത്തിൽ സുരക്ഷിതമായ മാർഗമാണ് റോബോട്ടിക് ശസ്ത്രക്രിയകൾ. കാൽമുട്ട്, അരക്കെട്ട് എന്നിവ മാറ്റിവെച്ച രോഗികൾക്ക് വേഗത്തിൽ ഡിസ്ച്ചാർജ് ചെയ്യാൻ ഇതുവഴി സാധിക്കും. ഉയർന്ന കൃത്യതയാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രത്യേകത.
റോബോട്ടിക് ആംഅസിസ്റ്റഡ് ടെക്നോളജി ഓരോ തവണയും രോഗികൾക്ക് കൃത്യമായ രീതിയിൽ സന്ധികൾ മാറ്റിവയ്ക്കാൻ സർജനെ സഹായിക്കും. ഇത് ആദ്യം ഒരു വെർച്വൽ ത്രീഡി മോഡലിലും തുടർന്ന് ഓപ്പറേഷൻ തിയറ്ററിലും ആവർത്തിക്കും. പരമ്പരാഗത ശസ്ത്രക്രിയയ്ക്കുള്ള ഒരു വെല്ലുവിളി, നമ്മുടെ കണ്ണുകൾക്കും കൈകൾക്കും ഒരു കംപ്യൂട്ടർപോലെ മികച്ചതായിരിക്കാൻ കഴിയില്ല എന്നതാണെന്നും കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഓർത്തോപീഡിക്സിലെ ക്ലിനിക്കൽ പ്രൊഫസർ ഡോ. ജയ്തിലക് (സ്പോർട്സ് ഇൻജുറി & മാക്കോ റോബോട്ടിക് ജോയിന്റ് റീപ്ലേസ്മെന്റ്) പറഞ്ഞു.
ഓരോ രോഗിയുടെയും അസ്ഥിഘടന വ്യത്യസ്തമാണ്. കൂടാതെ സന്ധിവാതം രോഗബാധിതമായ സന്ധിയിൽ മാറ്റങ്ങളും വരുത്തുന്നു. കാൽമുട്ട് അല്ലെങ്കിൽ ഇടുപ്പ് ശസ്ത്രക്രിയയാണെങ്കിൽ രോഗിയുടെ സി.ടി. സ്കാൻ അടിസ്ഥാനമാക്കി രോഗബാധിതമായ സന്ധിയുടെ 3ഡി മോഡൽ സൃഷ്ടിക്കാൻ റോബോട്ടിക് ആംഅസിസ്റ്റഡ് സർജറി സംവിധാനത്തിന്റെ സോഫ്റ്റ്വെയർ സഹായിക്കുന്നു. ഓരോ രോഗിക്കും അവരുടെ നിർദിഷ്ട രോഗാവസ്ഥയെ അടിസ്ഥാനമാക്കി ഒരു വ്യക്തിഗത വെർച്വൽ സർജിക്കൽ പ്ലാൻ സൃഷ്ടിക്കാൻ സോഫ്റ്റ്വെയർ അനുവദിക്കുന്നു. ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിക്കുന്നതിനു മുൻപുതന്നെ ഈ ആസൂത്രണം ചെയ്യുന്നതിലൂടെ ഏറ്റവും കൃത്യമായ രീതിയിൽ അസ്ഥി മാറ്റിവെയ്ക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താനും ഇംപ്ലാന്റുകളുടെ വിന്യാസം തീരുമാനിക്കാനും സഹായിക്കുന്നു.
ആവശ്യമെങ്കിൽ ശസ്ത്രക്രിയയ്ക്കിടെ പദ്ധതി പരിഷ്കരിക്കാനും സർജന് സാധിക്കും. ഇതുവഴി ഓപ്പറേഷൻ തിയേറ്ററിൽ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനും റോബോട്ടിക്സ് സാങ്കേതികവിദ്യ സർജനെ സഹായിക്കുന്നു.
പരമ്പരാഗത സംയുക്ത ശസ്ത്രക്രിയയാണെങ്കിൽ അതിനുശേഷം, ഒരു രോഗിക്ക് കൂടുതൽ കാലം ആശുപത്രിയിൽ താമസിക്കേണ്ടതുണ്ട്. കോവിഡ് സാഹചര്യത്തിൽ അത് രോഗസാധ്യത വർധിപ്പിക്കും. എന്നാൽ റോബോട്ടിക് സാങ്കേതിക വിദ്യ വഴി ആശുപത്രിവാസം കുറയും. ഒപ്പം വേദന കുറയ്ക്കുന്നതിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും സഹായിക്കുമെന്നും ഡോ. തിലക് കൂട്ടിച്ചേർത്തു
Content Highlights:Robotic surgery for joint replacement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..