കോഴിക്കോട്: കോവിഡ്19ന് കാരണമായ സാർസ് കോവി2 വൈറസിന്റെ ആർ.എൻ.എ. (റൈബോന്യൂക്ലിക് ആസിഡ്) ഘടനയെക്കുറിച്ച് ആദ്യമായി വിശദപഠനം നടത്തിയവരുടെ സംഘത്തിൽ മലയാളി ഗവേഷകനും. കൊല്ലം പുനലൂർ ഇടമൺ സ്വദേശി നിതിൻ ചന്ദ്രൻ അംഗമായ 11 പേരുടെ സംഘമാണ് കണ്ടെത്തൽ നടത്തിയത്. ഈ വൈറസിന്റെ ആർ.എൻ.എ. ഘടനയെക്കുറിച്ച് വിരലിലെണ്ണാവുന്ന പഠനങ്ങളേ ഇതുവരെ നടന്നിട്ടുള്ളൂ.

പോളണ്ടിലെ വാഴ്സായിലുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ആൻഡ് സെൽ ബയോളജിയിലെ ഗവേഷകനാണ് നിതിൻ. നെതർലാൻഡ്സിലെ ഗ്രൊനിങെൻ സർവകലാശാല, ലൈഡൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരുമായി ചേർന്നായിരുന്നു പഠനം.

കണ്ടെത്തലുകൾ

ഏകദേശം 30,000 ന്യൂക്ലിയോടൈഡുകൾ അടങ്ങിയതാണ് സാർസ് കോവി2 വൈറസിന്റെ ആർ.എൻ.എ. വൈറസുകളിൽത്തന്നെ ഏറ്റവും നീളമുള്ള ആർ.എൻ.എ.കളിലൊന്നാണിത്. മനുഷ്യശരീരത്തിൽ പെരുകാൻ ഈ വൈറസിനെ സഹായിക്കുന്നതിൽ ആർ.എൻ.എ.യ്ക്കുള്ള പങ്ക് വലുതാണ്. ആർ.എൻ.എ.യുടെ ത്രിമാനഘടനയും ചെറിയ തന്മാത്രകൾ ഉപയോഗിച്ച് ആർ.എൻ.എ.യുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിന് സാധ്യമായ പോക്കറ്റുകളും പഠനത്തിലൂടെ കണ്ടെത്തി.

സാർസ് കോവി2, മറ്റ് കൊറോണ വൈറസുകൾ എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങൾക്കുള്ള മരുന്നുകൾ വികസിപ്പിക്കാൻ ഈ ഗവേഷണഫലം സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഗ്രൊനിങെൻ സർവകലാശാലയിലെ ഡോ. ഡാനി ഇൻകാർനേറ്റോ ആണ് പഠനത്തിന് നേതൃത്വംനൽകിയത്.

സുപ്രധാന നാഴികക്കല്ല്

കൊറോണ വൈറസ് ആർ.എൻ. എ. ജീനോമിന്റെ മുഴുവൻ ഘടന നിർണയിക്കുന്നത് ഇതാദ്യമാണ്. ആർ.എൻ.എ. ഘടനയെ മോഡൽ ചെയ്യുകയും ചെറിയ തന്മാത്രകൾ ഉപയോഗിച്ച് ആർ.എൻ.എ.യുടെ പ്രവർത്തനങ്ങളെ ലക്ഷ്യംവെക്കാൻ കഴിയുന്ന പോക്കറ്റുകൾ തിരിച്ചറിയുകയും ചെയ്തത് മഹാമാരിക്കെതിരായ പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലാണ്.
- നിതിൻ ചന്ദ്രൻ
ഗവേഷകൻ, ഐ.ഐ.എം.സി.ബി.

Content Highlights: RNA of the corona virus Researchers with detailed study of the structure of the virus, Health, COvid19, Corona Virus