പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനിബാധിതര്‍ കൂടുന്നു. നവംബറിലെ ആദ്യ 11 ദിവസത്തിനിടെ 68 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 220പേര്‍ ചികിത്സതേടി. കോവിഡ് പരിശോധനയില്‍ നെഗറ്റീവാകുന്ന പനിബാധിതര്‍ക്ക് ഡെങ്കിപ്പനി പരിശോധന നിര്‍ബന്ധമാക്കിയതോടെയാണ് ഡെങ്കിക്കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്.

കോവിഡ് വ്യാപകമായതിനുശേഷം സാധാരണഗതിയില്‍ പനിബാധിച്ചാല്‍ കോവിഡ് പരിശോധന നടത്തുകയും നെഗറ്റീവായാല്‍ സാധാരണപനിക്കുള്ള വീട്ടുചികിത്സ നടത്തുകയും പതിവുണ്ട്. എന്നാല്‍, ഇത് ഡെങ്കിപ്പനിയാകാനുള്ള സാഹചര്യമുള്ളതിനാല്‍ പനിയെ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 2021 ജനുവരിമുതല്‍ നവംബര്‍മാസത്തില്‍ ഇതുവരെ 2,846 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 12 പേര്‍ മരിച്ചു. 9,054 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 19 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂണ്‍മുതലാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിയത്. സെപ്റ്റംബറോടെ കുറഞ്ഞെങ്കിലും വീണ്ടും രോഗബാധിതര്‍ കൂടുന്നതായി ആരോഗ്യവകുപ്പിന്റെ കണക്ക് സൂചിപ്പിക്കുന്നു.

ReadMore: അപകടകാരിയായ സെറോ ടൈപ്പ് 2 ഡെങ്കി വൈറസ്; കേരളം അടക്കം 11 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്‌

പകല്‍നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് ഈജിപ്തി കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കൊതുകുനശീകരണമാണ് ഡെങ്കിപ്പനി പ്രതിരോധത്തില്‍ പ്രധാനം. മഴയത്ത് കൊതുകുകള്‍ പെരുകുന്നതിനാല്‍ രോഗവ്യാപനം കൂടുന്നതിനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രതപുലര്‍ത്തണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

ഡെങ്കിപ്പനി ലക്ഷണങ്ങള്‍

രോഗാണു ശരീരത്തിലെത്തിക്കഴിഞ്ഞാല്‍ രണ്ടുമുതല്‍ ഏഴുദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്തപനി, തലവേദന, കണ്ണിന് ചുറ്റുമുള്ള വേദന, പേശികളിലും സന്ധികളിലുമുള്ള വേദന തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍

Content Highlights: Rising dengue cases in kerala