Representative Image
കോഴിക്കോട്: ജില്ലയിൽ പനിയെത്തുടർന്ന് ചികിത്സതേടുന്നവരുടെ എണ്ണം ഏറുന്നു. ഒപ്പം കോവിഡ് ബാധിതരും കൂടുന്നുണ്ട്. എന്നാൽ പ്രതിരോധവാക്സിൻ എടുക്കാൻ പലരും വിമുഖത കാണിക്കുകയാണ്.
പനിബാധിച്ച് ദിവസം ശരാശരി 2000 പേർ ആശുപത്രികളിലെത്തുന്നുണ്ട്. നേരത്തേയുണ്ടായിരുന്നതിനേക്കാൾ 150-200 പേരുടെ വർധനയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. തിങ്കളാഴ്ച 2084 പേരാണ് ചികിത്സതേടിയത്. സെപ്റ്റംബർ ഒന്നുമുതൽ പത്തുവരെ ശരാശരി 1000-1500 പേരൊക്കെയാണ് എത്തിയിരുന്നത്. ഈമാസം 29,330-ൽ ഏറെപ്പേർ പനിയെത്തുടർന്ന് ആശുപത്രികളിലെത്തി. ചിലർക്ക് കിടത്തിച്ചികിത്സയും വേണ്ടിവരുന്നുണ്ട്.
പലർക്കും നേരിയതോതിലെ പനിയുള്ളൂ. ചുമ, തൊണ്ടവേദന, കഫക്കെട്ട് പോലുള്ള പ്രശ്നങ്ങളാണ് ഏറെയും. അസുഖം മാറാനും താമസമെടുക്കുന്നുണ്ട്. കുട്ടികളിലാണെങ്കിൽ കൂടെക്കൂടെ ഇത്തരം പ്രശ്നം വരുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞതോടെ മുഖാവരണം ഒട്ടുമിക്കവരും പാടേ ഉപേക്ഷിച്ചു. ഇതും അസുഖം വ്യാപിക്കാൻ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പനിയുമായിവരുന്നവരുടെ എണ്ണത്തിൽ ചെറിയ വർധനയുണ്ട്. കോവിഡ് ടെസ്റ്റുകൾ നടത്തുന്നുണ്ട്. പ്രതിരോധ വാക്സിൻ ലഭ്യമാണെങ്കിലും പലരും താത്‌പര്യം കാണിക്കുന്നില്ലെന്ന് ഡി.എം.ഒ. ഡോ. ഉമ്മർ ഫാറൂഖ് പറഞ്ഞു.
പ്രതിരോധകുത്തിവെപ്പെടുക്കാൻ മടി
കോവിഡിനും പനിക്കുമെല്ലാം ഒരേരീതിയിൽത്തന്നെയാണ് ലക്ഷണങ്ങൾ. ഇപ്പോൾ കോവിഡ് ടെസ്റ്റും പൊതുവെ കുറഞ്ഞു. കഴിഞ്ഞ പത്തു ദിവസത്തിനിടെ ദിവസം 60-100 പേർക്കൊക്കെ കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. 1200-ൽ ഏറെപ്പേർക്കാണ് ഈമാസം കോവിഡ് ബാധിച്ചത്. പത്തിലേറെപ്പേർ മരിച്ചു. കോവിഡ് വ്യാപനസമയത്ത് പ്രതിരോധകുത്തിവെപ്പെടുക്കാൻ മുന്നോട്ടുവന്ന പലരും ഇപ്പോൾ കരുതൽഡോസിന് താത്‌പര്യം കാണിക്കുന്നില്ല. 18-ന് മുകളിൽ പ്രായമുള്ള 21,47,121 പേർ രണ്ടുഡോസ് വാക്സിനെടുത്തിട്ടുണ്ട്. എന്നാൽ ആരോഗ്യപ്രവർത്തകരും കോവിഡ് മുന്നണിപ്പോരാളികളുമുൾപ്പെടെ ആകെ 1,96,680 പേർ മാത്രമാണ് മൂന്നാം ഡോസ് എടുത്തത്. 18-44 പ്രായത്തിലുള്ള 22,185 പേരും 45-59 ഇടയിലുള്ള 25,079 പേരും 60-ന് മുകളിൽ 1,17,887 പേരും മൂന്നാംഡോസെടുത്തു. ആരോഗ്യപ്രവർത്തകരും മുന്നണിപ്പോരാളികളുമായി 31,529 പേരാണ് വാക്സിനെടുത്തത്. 18-ന് താഴെയുള്ളവർ നിലവിൽ കരുതൽ ഡോസെടുക്കുന്നില്ല.
പ്രതിരോധവാക്‌സിൻ ഇങ്ങനെ
15-17 പ്രായംആദ്യഡോസ്-1,15,918, രണ്ടാംഡോസ്-67,537
18-ന് മുകളിൽആദ്യഡോസ്-25,18,919, രണ്ടാംഡോസ്-21,47,121
12-14 പ്രായക്കാർ ആദ്യഡോസ്-67,448, രണ്ടാംഡോസ്-30,553
Content Highlights: rise in viral fever and covid
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..