കൊറോണ വൈറസിനെ ഒരു മണിക്കൂറിനുള്ളിൽ നശിപ്പിക്കാൻ പുതിയ വഴിയുമായി കേംബ്രിഡ്ജ് സർവകലാശാല ഗവേഷകർ. ഫെയ്സ് മാസ്ക്കിൽ ആന്റിവൈറൽ കോട്ടിങ് ചെയ്യുന്ന ഡിയോ എക്സ് എന്ന ടെക്നോളജിയാണ് ഗവേഷകർ വികസിപ്പിക്കുന്നത്.

ഫെയ്സ്മാസ്ക്കിലെ അദൃശ്യമായ ഡിയോ എക്സ് കോട്ടിങ് വഴി ഫെയ്സ് മാസ്ക്കിലെ പുറംപാളിയിലെ വൈറസുകളെ കൊല്ലാനാകുമെന്നാണ് 'ദി ഡെയ്ലി മെയിൽ' റിപ്പോർട്ട് ചെയ്യുന്നത്.

ഈ ടെക്നോളജിക്ക് ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളെയും നശിപ്പിക്കാനുള്ള ശേഷിയുണ്ട്. കൊറോണ വൈറസിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം, യു.കെയിലെ കെന്റ് വകഭേദം എന്നിവയെയും ഇതിന് നശിപ്പിക്കാനാകും.

ഫെയ്സ്മാസ്ക്കിലെ കോട്ടിങ്ങിൽ അടങ്ങിയിരിക്കുന്ന ആന്റിവൈറൽ ഏജന്റ് വൈറസിന്റെ പുറംഭാഗത്തെ സംരക്ഷിക്കുന്ന എൻവെലപ്പ് എന്നറിയപ്പെടുന്ന സ്തരത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ കെമിക്കൽ എൻജിനീയറിങ് ആ്ൻഡ് ബയോടെക്നോളജി വകുപ്പ് സീനിയർ ലക്ചറർ ഡോ. ഗ്രഹാം ക്രിസ്റ്റി പറഞ്ഞു.

വൈറസിന്റെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് ഏതുതരം ജനിതകമാറ്റം വന്നാലും വൈറസിന്റെ പുറംപാളിയായ സ്തരം അതുപോലെ തന്നെ നിലനിൽക്കുമെന്നതാണ് പ്രത്യേകതയെന്നും അതിനാലാണ് കൊറോണ വൈറസിന്റെ ഏതുവകഭേദത്തിനും എതിരെ ഈ ടെക്നോളജിക്ക് പ്രവർത്തിക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിയോ എക്സ് എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. ക്വാർട്ടർനറി അമോണിയം സാൾട്ട് അടിസ്ഥാനമാക്കിയുള്ള ടെക്നോളജിയാണിത്. ആന്റിമൈക്രോബിയൽ ഗുണങ്ങളുള്ളതും ടെക്സ്റ്റൈൽ നിർമ്മാണ രംഗത്ത് ഉപയോഗിക്കുന്നതുമായ ഓർഗാനിക് സംയുക്തങ്ങളാണ് അമോണിയം സാൾട്ടുകൾ.

ഈ ടെക്നോളജി ഉപയോഗിച്ച് കോട്ടിങ് ചെയ്ത മാസ്ക്കുകളിൽ ഒരു മണിക്കൂറിനകം 95 ശതമാനം അണുക്കളും നശിച്ചുവെന്നും നാലുമണിക്കൂറിന് ശേഷം അണുക്കളെയൊന്നും കണ്ടെത്താനായില്ലെന്നും പരീക്ഷണങ്ങളിൽ വ്യക്തമായി.

ഈ ടെക്നോളജി ഉപയോഗിച്ച് തയ്യാറാക്കുന്ന മാസ്ക്കുകൾ 20 തവണ കഴുകി വീണ്ടും ഉപയോഗിക്കാമെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഓരോ തവണ കഴുകുമ്പോഴും അതിന്റെ ശേഷി കുറഞ്ഞുവരുമെന്നും റിപ്പോർട്ടിലുണ്ട്.

ജനിതകപരമായും ഘടനാപരമായും സാർസ് കോവ് 2 വൈറസിനോട് ഏറ്റവും മികച്ച രീതിയിൽ സാദൃശ്യമുള്ള എം.എച്ച്.വി.-59 എന്ന കൊറോണ വൈറസ് ഉള്ള മാസ്ക് ഉപയോഗിച്ചാണ് പഠനത്തിനായി പരീക്ഷണങ്ങൾ നടത്തിയത്.

Content Highlights:Researchers to develop antiviral coating for facemasks that can destroy covid 19 within an hour, Health, Covid19, Corona Virus