Representative Image| Photo: Canva.com
വാഷിങ്ടണ്‍ : വായയുടെ ശുചിത്വം കാത്തുസൂക്ഷിക്കുന്നതിലൂടെ പല്ലുകള്‍ക്കും മോണയ്ക്കും മാത്രമല്ല, മസ്തിഷ്കത്തിനും ഗുണം ലഭിക്കുന്നുണ്ടെന്ന് ഗവേഷകര്‍. അമേരിക്കന്‍ സ്‌ട്രോക്ക് അസോസിയേഷന്റെ 2023 ലെ ഇന്റര്‍നാഷണല്‍ സ്‌ട്രോക്ക് കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കാനുള്ള പ്രാഥമിക പഠനത്തിലാണ് ഇപ്രകാരം പറയുന്നത്.
ദന്താരോഗ്യം മോശമാകുന്നതുവഴി മസ്തിഷ്‌കാഘാതത്തിനുള്ള സാധ്യതയും വർധിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. പല്ലുതേയ്ക്കുക, പല്ലുകളുടെ പ്ലേക്ക് മാറ്റാതിരിക്കുക തുടങ്ങിയ ശീലങ്ങളും മോണയ്ക്കുണ്ടാകുന്ന അസുഖവും പല്ലുകൊഴിച്ചിലുമെല്ലാം ദന്താരോഗ്യം മോശമാവുന്നതിന്റെ ലക്ഷണങ്ങളാണ്. ഇതുകൂടാതെ, മോണയുടേയും പല്ലിന്റെയും അനാരോഗ്യം മൂലം ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യതയും രക്തസമ്മര്‍ദം ഉയരാനുള്ള സാധ്യതയുമുണ്ടെന്നാണ് മുന്‍പഠനങ്ങൾ വിലയിരുത്തുന്നത്.
ഏകദേശം നാല്പതിനായിരം ആളുകളില്‍ 2014 മുതല്‍ 2021 വരെ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ നിഗമനങ്ങളിലെത്തിയത്. തിരഞ്ഞെടുത്തവരില്‍ 46 ശതമാനം പേരും 57 വയസ്സിനടുത്തുള്ള പുരുഷന്മാരാണ്. ഇവര്‍ക്കാര്‍ക്കും മുമ്പ് സ്‌ട്രോക്ക് വന്നിട്ടില്ല. ഇവരുടെ ദന്താരോഗ്യവും തലച്ചോറിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധമാണ് ഗവേഷണത്തിലൂടെ വിലയിരുത്തിയത്.
പല്ലുകളിലെ പോട്, പല്ലുകൊഴിയുക മുതലായ ആരോഗ്യപ്രശ്‌നങ്ങളുള്ളവരുടെ തലച്ചോറിന്റെ ആരോഗ്യവും സാരമായി ബാധിക്കപ്പെട്ടേക്കാം എന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞത്. എം.ആര്‍.ഐ. സ്‌കാനിങിലൂടെ ഇങ്ങനെയുള്ളവരുടെ തലച്ചോറിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി കണ്ടെത്തി. കാവിറ്റിയോ പല്ലുകൊഴിച്ചിലോ ഒക്കെ വരാന്‍ സാധ്യതയുള്ളവരില്‍ സെറിബ്രോവാസ്‌കുലര്‍ രോഗങ്ങള്‍ക്കുമുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു ഗവേഷകർ.
പുകവലിശീലവും പ്രമേഹം പോലുള്ള രോഗങ്ങളുമൊക്കെയാണ് ദന്താരോഗ്യം വഷളാക്കുന്നതില്‍ മുന്നിലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അപൂര്‍വ്വമായി മാത്രം വ്യക്തികളുടെ ജനിതകഘടകയും ഇതിന് കാരണമായേക്കാമെന്നാണ് അമേരിക്കന്‍ സ്‌ട്രോക്ക് അസോസിയേഷന്‍ മെമ്പറായ ജോസഫ് പി. ബ്രോഡെറിക്ക് പറയുന്നു.
ഏതായാലും ഈ പഠനം പ്രാഥമികതലത്തിലുള്ളതാണെന്നും കൂടുതല്‍ തെളിവുകളും ഗവേഷണങ്ങളും ഇതിന്റെ സ്ഥിരീകരണത്തിന് ആവശ്യമാണെന്നുമാണ് ഗവേഷകർ പറയുന്നത്. ബ്രിട്ടനിലുള്ള ആളുകളെ മാത്രം ഉള്‍ക്കൊള്ളിച്ച് നടത്തിയ പരീക്ഷണം എന്ന പോരായ്മയും ഇതിനുണ്ട്.
Content Highlights: researchers say oral health is important for brain health too
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..