നിലപ്പാല. ഇൻസൈറ്റിൽ ഡോ. സി.ടി. സുലൈമാൻ, ഡോ. ഇന്ദിരാ ബാലചന്ദ്രൻ
കോട്ടയ്ക്കല്‍: ഔഷധസസ്യമായ നിലപ്പാല അര്‍ബുദചികിത്സയ്ക്ക് ഫലപ്രദമായേക്കാമെന്നു കണ്ടെത്തല്‍. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഔഷധസസ്യ ഗവേഷണകേന്ദ്രത്തിലെ ഗവേഷകരാണ് എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ അര്‍ബുദകോശങ്ങളെ നശിപ്പിക്കാന്‍ നിലപ്പാലയ്ക്ക് കഴിയുമെന്നു കണ്ടെത്തിയത്.
ആയുര്‍വേദത്തില്‍ ലഘുദുഗ്ധിക, ദുഗ്ധിക എന്നിങ്ങനെ അറിയപ്പെടുന്ന ഔഷധസസ്യങ്ങളാണ് യൂഫോര്‍ബിയ തൈമിഫോളിയ, യൂഫോര്‍ബിയ ഹിര്‍ട്ട എന്നീ ശാസ്ത്രീയനാമങ്ങളില്‍ അറിയപ്പെടുന്ന നിലപ്പാല. പരമ്പരാഗതമായി രക്തശുദ്ധീകരണത്തിന് ഉപയോഗിച്ചുവരുന്ന ചെടിയാണിത്. ആസ്ത്മ ചികിത്സയില്‍ ഏറെ ഫലവത്തായ ഈ സസ്യം ഏറെ ഔഷധഗുണങ്ങള്‍ ഉള്ളവയാണെന്നു ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. നിലപ്പാല എന്നപേരില്‍ ഈ രണ്ടു ചെടികളും ഔഷധസസ്യ വിപണിയില്‍ ലഭ്യമാണ്.
ഔഷധസസ്യ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. ഇന്ദിരാ ബാലചന്ദ്രന്റെ കീഴില്‍ ഫൈറ്റോകെമിസ്ട്രി വിഭാഗം സീനിയര്‍ സയന്റിസ്റ്റ് ഡോ. സി.ടി. സുലൈമാന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഗവേഷണപ്രബന്ധം ചൈനയില്‍നിന്നു പുറത്തിറങ്ങുന്ന അന്താരാഷ്ട്ര ജേര്‍ണല്‍ മെഡിസിന് ഇന്‍ ഓമിക്സിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിലപ്പാലയില് കണ്ടെത്തിയ രാസഘടകങ്ങള്‍ അര്‍ബുദ ഗവേഷണരംഗത്ത് തുടര്‍പഠനങ്ങള്‍ക്കു വഴിയൊരുക്കും. തുടര്‍പഠനങ്ങള്‍ കേന്ദ്ര ഗവേഷണ സ്ഥാപനമായ ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യൂലര്‍ ബയോളജിയുമായി ചേര്‍ന്ന് തുടങ്ങിയതായി ഡോ. സുലൈമാന്‍ പറഞ്ഞു. അര്‍ബുദ പ്രതിരോധത്തിന് ഔഷധസസ്യങ്ങളെ ഉപയോഗിക്കാനുള്ള ഏറെ ഗവേഷണങ്ങള്‍ ഔഷധസസ്യ ഗവേഷണകേന്ദ്രത്തില്‍ നടന്നുവരുന്നതായി ഡോ. ഇന്ദിരാ ബാലചന്ദ്രന് പറഞ്ഞു.
ഊട്ടി ജെ.എസ്.എസ്. ഫാര്‍മസി കോളേജിലെ പ്രൊഫസര്‍ ഡോ. ടി.കെ. പ്രവീണ്‍, ഫൈറ്റോകെമിസ്ട്രി വിഭാഗത്തിലെ എം. ദീപക്, കെ.ആര്. ലിജിനി, എം. സല്മാന്, ക്രോപ് ഇംപ്രൂവ്മെന്റ് ആന്‍ഡ് ബയോടെക്നോളജി വിഭാഗത്തിലെ ഡോ. സതീഷ്ണകുമാരി എന്നിവരാണ് മറ്റു ഗവേഷകര്‍.
Content Highlights: euphorbia thymifolia is effective for cancer treatment, health, cancer treatment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..