പ്രതീകാത്മക ചിത്രം | Photo: Canva.com
ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള കുട്ടികളിലും മുതിര്‍ന്നവരിലുമെല്ലാം ഒരു പകര്‍ച്ചവ്യാധിയെന്നോണം അമിതവണ്ണം വ്യാപിച്ചുകഴിഞ്ഞു. കേവലം ഡയറ്റും വ്യായാമവും കൊണ്ട് മാത്രം അമിതവണ്ണത്തെ തടുക്കാനാവില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രായത്തിലും പൊക്കത്തിലും കവിഞ്ഞ ശരീരഭാരം ഉണ്ടാകുമ്പോഴാണ് കുട്ടികളില്‍ അമിതവണ്ണം ഉണ്ടാകുന്നതായി കണക്കാക്കുന്നത്. ചെറുപ്പകാലത്തുണ്ടാകുന്ന അമിതവണ്ണം പലവിധ കാരണങ്ങള്‍കൊണ്ടാവാമെന്ന് ഏറ്റവും പുതിയ പഠനം പറയുന്നു.
കുട്ടികളിലെ അമിതവണ്ണം ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ഇന്‍സുലിന്‍ പ്രതിരോധത്തിനും അകാലമരണത്തിനുംവരെ കാരണമായേക്കാമെന്നാണ് ഗവേഷകസംഘം പറയുന്നത്. 'ബിഎംസി ചില്‍ഡ്രണ്‍' എന്ന ജേണലിലാണ് പ്രസ്തുത പഠനഫലം പ്രസിദ്ധീകരിച്ചുവന്നത്. പതിനായിരത്തിലധികം ഓസ്‌ട്രേലിയന്‍ കുട്ടികളെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്.
യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയിലെ ഗവേഷകസംഘം നടത്തിയ ഈ പഠനത്തിനൊടുവില്‍ തെളിഞ്ഞത് കുട്ടികളുടെ സാമൂഹികസാമ്പത്തികസ്ഥിതിയും അവരുടെ അമിതവണ്ണത്തിനുപിന്നിലെ ഘടകമാവാമെന്നാണ്. മാതാപിതാക്കളുടെ വിദ്യാഭ്യാസനിലവാരവും കുട്ടികളുടെ അമിതവണ്ണത്തിനു പിന്നിലെ കാരണമാണ്. കുട്ടി വിശ്രമവേളകളില്‍ എന്തുചെയ്യുന്നുവെന്നതും കുട്ടിയുടെ ബോഡി മാസ് ഇന്‍ഡക്‌സുമെല്ലാം ചെറുപ്പത്തിലേ ഉണ്ടാകുന്ന അമിതവണ്ണത്തിനുപിന്നിലെ കാരണങ്ങളാകാം.
മാതാപിതാക്കളുടെ ബോഡി മാസ് ഇന്‍ഡക്‌സും കുട്ടികളുടെ ബോഡി മാസ് ഇന്‍ഡക്‌സും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും സംഘം കണ്ടെത്തി. അമിതവണ്ണമുള്ള മാതാപിതാക്കളുടെ ജീനുകള്‍ മക്കളിലേക്കും പങ്കുവെയ്ക്കപ്പെടും.
ആരോഗ്യമുള്ള ഡയറ്റും വ്യായാമവുമെല്ലാം അമിതവണ്ണം കുറയ്ക്കുന്നതിലെ പ്രധാനഘടകങ്ങളാണെങ്കിലും സാമൂഹികമായ ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കുക എന്നതാണ് കുട്ടികളിലെ അമിതവണ്ണം കുറയ്ക്കാന്‍ ചെയ്യേണ്ടതെന്നും യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയിലെ പീഡിയാട്രീഷന്‍ പ്രൊഫസര്‍ ലൂയി ബോര്‍ പറഞ്ഞു.
Content Highlights: researchers find out socioeconomic status also cause obesity in children
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..