രാവിലെ നേരത്തെ ഉണരുന്നവരാണ് രാത്രി വൈകി ഉറങ്ങുന്നവരേക്കാൾ മികച്ച രീതിയിൽ ജോലി ചെയ്യുന്നതെന്ന് പഠനം. നേരത്തെ ഉണരുന്ന ആളുകൾ അതിരാവിലെ തന്നെ മികച്ച രീതിയിൽ പ്രവർത്തിക്കും. എന്നാൽ രാത്രി വൈകിയും ജോലി ചെയ്യുകയും രാവിലെ വൈകി ഉണരുകയും ചെയ്താൽ ജോലി ചെയ്യാനുള്ള ശേഷി കുറയുമെന്നാണ് വടക്കൻ ഫിൻലൻഡിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലെ കണ്ടെത്തൽ.

1966 ൽ വടക്കൻ ഫിൻലാൻഡിൽ ജനിച്ച 5881 വ്യക്തികളിലാണ് ഗവേഷകർ പഠനം നടത്തിയത്. അവരുടെ ജോലിയെയും ജീവിതത്തെയും ആരോഗ്യത്തെയും ഉറക്ക രീതിയെയും കുറിച്ച് നാല് വർഷം നടത്തിയ പഠനമാണ് ഈ ഫലം പുറത്തുകൊണ്ടുവന്നത്.

പുരുഷന്മാരിൽ പത്ത് ശതമാനവും സ്ത്രീകളിൽ പന്ത്രണ്ട് ശതമാനവും താമസിച്ച് ഉറങ്ങാൻ ഇഷ്ടപ്പെടുന്നവരാണ്. അവരിൽ എഴുപത്തിരണ്ടു ശതമാനം പേരും പകൽ ജോലി ചെയ്യുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തി. വൈകി ഉറങ്ങാൻ ഇഷ്ടപ്പെടുന്നവരിൽ നാലിലൊന്ന് പേരുടെയും ജോലിസ്ഥലത്തെ പ്രകടനം മോശമാണെന്നായിരുന്നു ഞെട്ടിക്കുന്ന കണ്ടെത്തൽ. ഇത് കാരണം തന്നെ ഇത്തരക്കാർ വേഗത്തിൽ ജോലി ഉപേക്ഷിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി.

ഉറക്കക്കുറവും കാർഡിയോമെറ്റബോളിക് രോഗങ്ങൾ, പ്രമേഹം, അമിതവണ്ണം, ഹൃദയ രോഗങ്ങൾ എന്നിവ തമ്മിൽ ബന്ധമുണ്ടെന്ന് പഠനം നടത്തിയ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ക്രിസ്റ്റൻ നട്ട്സൺ പറഞ്ഞു.

Content Highlights:Research shows that people who sleep late at night are behind in work