Representative Image | Photo: Mathrubhumi
ടോക്ക്യോ : ശാരീരികവും മാനസികവുമായ ആരോഗ്യാവസ്ഥ നിലനിര്‍ത്താന്‍ കൃത്യമായ ഉറക്കം ആവശ്യമാണ്. ഉറക്കമില്ലായ്മ, നാര്‍ക്കോലെപ്‌സി, ദിവസം മുഴുവനുമുള്ള മയക്കം തുടങ്ങിയ പ്രശ്നങ്ങൾ സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. എന്നാലിന്ന് ഉറക്കമില്ലായ്മ ലോകത്ത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അഞ്ച് മുതല്‍ ഏഴുകോടിവരെ അമേരിക്കക്കാര്‍ ഉറക്കമില്ലായ്മ (ഇന്‍സോമ്‌നിയ) കാരണം ബുദ്ധിമുട്ടുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചൈനയിലെ ജനസംഖ്യയുടെ 15 ശതമാനവും ഉറക്കമില്ലായ്മ ബാധിച്ചവരാണെന്നാണ് ഗവേഷണഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഉദാസീനരിലാണ് ഉറക്കമില്ലായ്മ കൂടുതൽ കണ്ടുവരുന്നതെന്നും നന്നായി വ്യായാമം ചെയ്യുന്നത് ഉറക്കത്തിന്റെ നിലവാരം കൂട്ടാന്‍ സഹായിക്കുമെന്നുമുള്ള പുതിയ പഠനം പുറത്തുവന്നത് ഈ പശ്ചാത്തലത്തിലാണ്. ജപ്പാന്‍ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (JAIST) യിലെ അസോസിയേറ്റ് പ്രൊഫസര്‍ ജാവെദ് കൂസരിയുടെ നേതൃത്വത്തില്‍ ജപ്പാന്‍, കാനഡ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകസംഘമാണ് പ്രസ്തുത വിഷയത്തില്‍ പഠനം നടത്തിയത്. ശാരീരിക അധ്വാനത്തിന്റെ തോതും ഉറക്കനിലവാരവും തമ്മിലുള്ള ബന്ധമാണ് ഇവര്‍ കണ്ടുപിടിക്കാന്‍ ശ്രമിച്ചത്. 'സയിന്റിഫിക് റിപ്പോർട്ട്‌സ്' എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് ഗവേഷണഫലം പുറത്തുവന്നിരിക്കുന്നത്.
'40 നും 64 നും ഇടയിലുള്ള ജപ്പാന്‍കാരിലാണ് പരീക്ഷണം നടത്തിയത്. സബ്സ്റ്റിറ്റിയൂഷന്‍ രീതിയാണ് ഇവരില്‍ പ്രയോഗിച്ചത്. അതായത്, ആദ്യത്തെ ഒരു മണിക്കൂര്‍ നേരം പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ക്ക് ലഘുവായ പ്രവൃത്തികളാണ് നല്‍കിയതെങ്കില്‍ അടുത്ത ഒരു മണിക്കൂര്‍ ഇവരെ കടുപ്പമുള്ളതോ മോഡറേറ്റോ ആയ ശാരീരികപ്രവൃത്തികളിലേര്‍പ്പെടുത്തും. ഇങ്ങനെ ഏഴുദിവസം ഇവരുടെ പ്രവൃത്തികളെ രേഖപ്പെടുത്തിയശേഷം ഇവരുടെ ഉറക്കത്തിന്റെ നിലവാരമറിയാന്‍ ചോദ്യാവലി നല്‍കുകയും ചെയ്തു.'- പരീക്ഷണത്തെക്കുറിച്ച് പ്രോഫ. ജാവെദ് പറഞ്ഞു.
അലസമായിരിക്കുന്നതിനേക്കാള്‍ നല്ല അധ്വാനം ആവശ്യപ്പെടുന്ന പ്രവൃത്തികളിലേര്‍പ്പെടുന്നതാണ് ഉറക്കത്തിന് കൂടുതല്‍ സഹായകരമാവുകയെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളിലാണ് ഉറക്കമില്ലായ്മ കൂടുതലുള്ളത് എന്നതും ശ്രദ്ധേയമാണ്. ഉറക്കക്കുറവിനു പിന്നിലെ ലിംഗാടിസ്ഥാനത്തിലുള്ള വ്യത്യാസത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും പ്രൊഫ.ജാവെദ് പറഞ്ഞു. ഏതായാലും നല്ല ഉറക്കം ലഭിക്കുന്നതിന് ശാരീരികവ്യായാമങ്ങള്‍ക്കുള്ള പങ്ക് പ്രധാനമാണ് എന്ന് പറയുന്ന മുന്‍പഠനങ്ങളെ ശരിവെയ്ക്കുന്നതാണ് ഇപ്പോഴത്തെ തങ്ങളുടെ പഠനമെന്നും ജാവെദ് കൂട്ടിച്ചേര്‍ത്തു.
Content Highlights: research says physical exercise is required for good sleep and sedentric people have insomnia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..