മംഗളൂരു: കാന്‍സര്‍ ബാധിച്ച യുവതിക്ക് 13 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുതുജീവന്‍. കണ്ണൂരില്‍ താമസക്കാരിയായ കോഴിക്കോട് സ്വദേശിനി സ്വാതി(33)ക്കാണ് കാന്‍സര്‍ ബാധിച്ച വലതു ഹൃദയഭിത്തിയും ശ്വാസകോശത്തിന്റെ ഒരുഭാഗവും പുനര്‍നിര്‍മിച്ച് മംഗളൂരു യേനപ്പോയ മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ നല്‍കിയത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഹൃദയഭിത്തിയും ശ്വാസകോശത്തിന്റെ ഒരു ഭാഗവും നീക്കംചെയ്ത് പകരം കൃത്രിമമായി നിര്‍മിച്ച് വിജയകരമായി മാറ്റിസ്ഥാപിച്ചതെന്ന് യേനപ്പോയ മെഡിക്കല്‍ കോളേജ് അധികൃതര്‍ അവകാശപ്പെട്ടു.

സ്വാതിക്ക് ജനിക്കുമ്പോള്‍ത്തന്നെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. നട്ടെല്ലിനുണ്ടായിരുന്ന വളവ് വര്‍ഷങ്ങള്‍ക്കുമുന്‍പ് ശസ്ത്രക്രിയയിലൂടെ ശരിയാക്കിയതാണ്. 2019 ജൂണിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ഭാഗങ്ങള്‍ നീക്കംചെയ്ത് ഈ ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കുക അസാധ്യമാണെന്ന് പറഞ്ഞ് ഇവിടെ നിന്നെല്ലാം തിരിച്ചയക്കുകയായിരുന്നുവെന്ന് യുവതിയുടെ രക്ഷിതാക്കള്‍ പറഞ്ഞു.

പിന്നീട് യുവതിയെ യേനപ്പോയ ആസ്പത്രിയില്‍ എത്തിച്ചു. അര്‍ബുദ ശസ്ത്രക്രിയാവിഭാഗം മേധാവി ഡോ. ജലാലുദ്ദീന്‍ അക്ബറിന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് ഹൃദയത്തിന്റെ വലതു ഭിത്തിയും ശ്വാസകോശത്തിന്റെ ഭാഗങ്ങളും ഒന്‍പത് വാരിയെല്ലുകളും നീക്കംചെയ്തത്. ഡ്വല്‍ മെഷ് ഉപയോഗിച്ച് ഹൃദയഭിത്തി പുനര്‍നിര്‍മിച്ചു. വാരിയെല്ലുകളുടെ സ്ഥാനത്ത് ടൈറ്റാനിയം പ്ലേറ്റുകള്‍ സ്ഥാപിച്ചു. കാന്‍സര്‍ ബാധിച്ച 2.5 കിലോഗ്രാം തൂക്കം വരുന്ന ഭാഗം നീക്കം ചെയ്താണ് ശസ്ത്രക്രിയ നടത്തിയത്.

ഒരുമാസത്തിനുശേഷം യുവതി ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടതായി രക്ഷിതാക്കളും ആശുപത്രി അധികൃതരും അറിയിച്ചു. ഡോ. ജലാലുദ്ദീന്‍ അക്ബറിനുപുറമെ കാന്‍സര്‍ ശസ്ത്രക്രിയാവിദഗ്ധനും യേനപ്പോയ സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. എം.വിജയകുമാര്‍, ശസ്ത്രക്രിയാ വിദഗ്ധരായ ഡോ. രോഹന്‍ ഷെട്ടി, ഡോ. അമര്‍ റാവു, ഡോ. നൂര്‍ മുഹമ്മദ്, ന്യൂറോ സര്‍ജന്‍ ഡോ. എസ്.പവമന്‍, അസ്ഥി ശസ്ത്രക്രിയാവിദഗ്ധന്‍ ഡോ. അഭിഷേക് ഷെട്ടി എന്നിവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു.

Content Highlights: Reconstructed the cancer affected heart wall and part of the lung by Yenepoya Medical college. Health, Cancer