കണ്ണൂർ: ജില്ലയിൽ എലിപ്പനി ബാധിച്ചെന്ന് സംശയിക്കുന്ന രണ്ടാമത്തെയാൾ ഒരാഴ്ചയ്ക്കിടെ മരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ബോധവത്‌കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മഴ ശക്തിപ്പെടുന്നതും കൂടുതൽ കൃഷിപ്പണികൾ നടക്കുന്നതുമായ ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് രോഗം വരാൻ സാധ്യത കൂടുതൽ.

ലക്ഷണങ്ങൾ, സാധ്യതകൾ

  • ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശീവേദനയും.
  • കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങൾ തുടങ്ങിയവയും കണ്ടേക്കാം
  • എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രംവഴി പകരാം.
  • മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കൾ മുറിവുകൾ വഴി ശരീരത്തിൽ എത്തിയാണ് രോഗമുണ്ടാകുന്നത്
  • വയലിൽ പണിയെടുക്കുന്നവർ, ഓട, തോട്, കനാൽ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവർ തുടങ്ങിയവരിൽ രോഗം കൂടുതൽ കാണുന്നു

പ്രതിരോധ മാർഗങ്ങൾ

  • മൃഗപരിപാലന ജോലികൾ ചെയ്യുന്നവർ കൈയുറകളും കട്ടിയുള്ള റബ്ബർ ബൂട്ടുകളും ഉപയോഗിക്കുക
  • പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മല മൂത്രാദികൾ വ്യക്തിസുരക്ഷയോടെ കൈകാര്യംചെയ്യുക
  • കന്നുകാലിത്തൊഴുത്തിലെ മൂത്രം ഒലിച്ചിറങ്ങി വെള്ളം മലിനമാകാതെ നോക്കുക
  • ആഹാരസാധനങ്ങളും കുടിവെള്ളവും എലികളുടെ വിസർജ്യ വസ്തുക്കൾ കലർന്ന്് മലിനമാകാതിരിക്കാൻ എപ്പോഴും മൂടിവെക്കുക
  • കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുട്ടികൾ വിനോദത്തിനോ മറ്റാവശ്യങ്ങൾക്കോ ഇറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കുക (പ്രത്യേകിച്ചും മുറിവുള്ളപ്പോൾ)
  • ഭക്ഷണസാധനങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകർഷിക്കാതിരിക്കുക

പ്രതിരോധ ഗുളികകൾ കഴിക്കേണ്ടവർ

മലിനജലവുമായി സമ്പർക്കമുള്ളവരും ഉണ്ടാകാൻ സാധ്യതയുള്ളവരും പ്രത്യേകിച്ച് ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവരും ഗുളിക കഴിക്കണം

ഒറ്റ ഡോസ് ഒരാഴ്ച മാത്രമേ രോഗത്തിനെതിരേ സുരക്ഷ നൽകുകയുള്ളൂ. അതിനാൽ മലിന ജലവുമായി സമ്പർക്കം തുടരുന്നവർ ആറ് ആഴ്ചകളിലും പ്രതിരോധ ഗുളികകൾ കഴിക്കണം.

ഡോക്‌സിസൈക്ലിൻ 200 മി. ഗ്രാം (100 മി.ഗ്രാമിന്റെ രണ്ട്‌ ഗുളികകൾ) ആഴ്ചയിലൊരിക്കൽ ആറ്‌ ആഴ്ച വരെ നൽകണം.

രക്ഷാ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ, മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുന്നവർ, തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവർ, കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ എന്നിവർ എലിപ്പനി പ്രതിരോധ ഗുളികകൾ കഴിച്ചുവെന്ന് ഉറപ്പാക്കണം.

ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിരോധ ഗുളികകൾ സൗജന്യമായി ലഭിക്കും

സംശയനിവാരണത്തിന് തൊട്ടടുത്ത സർക്കാർ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടാം.

Content Highlights: rat-bite fever diagnosis and treatment