കോഴിക്കോട്: കഴുത്തിലെ പ്രധാന രക്തക്കുഴലിലെ തടസ്സം (കരോട്ടിഡ് ആര്‍ട്ടറി സ്റ്റെനോസിസ്) കാരണം തുടര്‍ച്ചയായി സ്‌ട്രോക്ക് വന്നുകൊണ്ടിരുന്ന നിലമ്പൂര്‍ സ്വദേശിയായ രോഗിക്ക് അപൂര്‍വ ചികിത്സയിലൂടെ രോഗശാന്തി. ട്രാന്‍സ് റേഡിയല്‍ കരോട്ടിഡ് ആര്‍ട്ടറി സ്റ്റെന്റിങ് ചികിത്സയാണ് ഇയാള്‍ക്ക് രോഗശാന്തി പകര്‍ന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിലാണ് ഈ അപൂര്‍വ ചികിത്സ നടത്തിയത്.

സാധാരണരീതിയില്‍, കാലിലെ രക്തധമനിവഴി പ്രവേശിച്ച് കഴുത്തിലെ രക്തക്കുഴലിലേക്കു സ്റ്റെന്റ് കടത്തിവിട്ടാണ് ചികിത്സ നടത്താറുള്ളത്. എന്നാല്‍, രോഗിക്ക് ഹൃദയത്തില്‍നിന്ന് കാലുകളിലേക്കു രക്തം പ്രവഹിപ്പിക്കുന്ന പ്രധാന രക്തധമനി അടഞ്ഞുപോയ അവസ്ഥയിലായിരുന്നു. താരതമ്യേന ബുദ്ധിമുട്ടുള്ള ട്രാന്‍സ് റേഡിയല്‍ റൂട്ട് (കൈയിലെ രക്തക്കുഴലായ റേഡിയല്‍ ധമനി വഴി) തിരഞ്ഞെടുക്കേണ്ടിവന്നത്.

പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍, റേഡിയോളജിവിഭാഗം മേധാവി ഡോ. ഇ. ദേവരാജന്‍, ന്യൂറോളജിവിഭാഗം മേധാവി ഡോ. ജെയിംസ് ജോസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ഡോക്ടര്‍മാരായ ഡോ. പി. നൗഫല്‍, ഡോ. കെ.ആര്‍. രാഹുല്‍, ഡോ. ബിബിന്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് ചികിത്സ നടത്തിയത്.

പുറത്ത് രണ്ടരലക്ഷം രൂപവരെ ചെലവുവരുന്ന ഈ ചികിത്സ ആരോഗ്യ ഇന്‍ഷുറന്‍സ് വഴി സൗജന്യമായാണ് നടത്തിയത്. നാലുദിവസത്തെ ചികിത്സയ്ക്കുശേഷം രോഗി അസുഖം ഭേദമായി ആശുപത്രി വിട്ടു. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ഇത്തരം ചികിത്സ നടത്തുന്നതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

Content Highlight: Rare treatment in Kozhikdoe medical college