കണ്ണൂർ: കേരളത്തിലാദ്യമായി ഇന്ത്യയിൽത്തന്നെ അപൂർവമായ മലേറിയ രോഗാണുവിനെ കണ്ടെത്തി. സുഡാനിൽനിന്നും വന്ന കണ്ണൂർ സ്വദേശിയുടെ രക്തപരിശോധനയിലാണ് കണ്ടെത്തിയത്. കണ്ണൂർ ജില്ലാ ആശുപത്രിയിലെ പരിശോധനയിൽ ജില്ലാ ടി.ഒ.ടി. ആയ ടി.വി. അനിരുദ്ധനാണ് പ്ലാസ്മോഡിയം ഒവേൽ എന്ന വ്യത്യസ്ത മലമ്പനിരോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ലോകാരോഗ്യസംഘടനയുടെ മലേറിയ പരിശീലകനും സംസ്ഥാന ടി.ഒ.ടി.യും ആയ എം.വി. സജീവ് വിശദപരിശോധനയിലൂടെ ഇത് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
ആഫ്രിക്കൻ രാജ്യമായ സുഡാനിൽ യു.എൻ. ദൗത്യവുമായി ജോലിക്കുപോയ പട്ടാളക്കാരൻ പനിബാധിച്ച് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയിരുന്നു. മലമ്പനിയുടെ ലക്ഷണങ്ങൾകണ്ട് രക്തപരിശോധന നടത്തിയപ്പോഴാണ് പ്ലാസ്മോഡിയം ഒവേൽ കണ്ടെത്തിയത്.
ഏകകോശജീവിയായ പ്രോട്ടോസോവയാണ് മലമ്പനി രോഗാണു. ഇവ അഞ്ചുതരത്തിലാണ് സാധാരണ. പ്ലാസ്മോഡിയം വൈവാക്സ്, പ്ലാസ്മോഡിയം ഫാൽസിപാരം, പ്ലാസ്മോഡിയം മലേറിയ, പ്ലാസ്മോഡിയം നോലസി, പ്ലാസ്മോഡിയം ഒവേൽ എന്നിവയാണ് വ്യത്യസ്തമായ രോഗാണുക്കൾ. പ്ലാസ്മോഡിയം വൈവാക്സ്, പ്ലാസ്മോഡിയം ഫാൽസിപാരം എന്നിവ കേരളത്തിൽ സാധാരണമാണ്. അനോഫലീസ് കൊതുകുവഴി പടരുന്ന മലേറിയയുടെ സാധാരണ രോഗലക്ഷണങ്ങൾതന്നെയാണ് പ്ലാസ്മോഡിയം ഒവേൽ ബാധിച്ചാലും ഉണ്ടാവുക. ചികിത്സയും ഒന്നുതന്നെയാണ്.
Content Highlights:Rare malaria infection diagnosed in Kerala Kannur, Health, Malaria