Photo: Special Arrangement
കൊച്ചി: പുതുവര്‍ഷത്തലേന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച അതീവസങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയ അവസാനിക്കുമ്പോള്‍ ലോകമൊട്ടാകെ പുതുവര്‍ഷാഘോഷത്തിന്റെ ലഹരിയിലായിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ അമ്പത്തിയെട്ടുകാരന്‍ നജീബിന്റെ ജീവിതത്തിന്റെയും പുതുപ്പിറവിക്ക് സാക്ഷ്യം വഹിച്ചത് ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഒരു കൂട്ടം ഡോക്ടര്‍മാരും.
ഗള്‍ഫിലെ സ്വകാര്യ കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന നജീബിന് പൊടുന്നനെയാണ് അസ്വസ്ഥതകള്‍ ഉണ്ടായത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ശസ്ത്രക്രിയ വേണ്ടിവരുമെന്നതിനാല്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദേശിച്ചു. രണ്ടാമതെത്തിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സങ്കീര്‍ണാവസ്ഥയില്‍ ശസ്ത്രക്രിയ ബുദ്ധിമുട്ടാണെന്നറിയിച്ചതിനെ തുടര്‍ന്ന് അതീവഗുരുതര നിലയിലാണ് നജീബിനെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തിച്ചത്.
തലച്ചോറിലേക്കുള്ള രണ്ട് രക്തക്കുഴലുകളിലെയും, രണ്ട് കൈകളിലേക്കുമുള്ള രക്തയോട്ടം ഏറെക്കുറെ പൂര്‍ണ്ണമായും നിലച്ച നിലയിലായിരുന്നു നജീബിനെ എത്തിച്ചത്. കൂടാതെ പക്ഷാഘാത സാധ്യത, ഹൃദയാഘാത സാധ്യത എന്നിവയ്ക്കു പുറമെ വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന അതിഗുരുതരാവസ്ഥയും. സുദീര്‍ഘവും അതിസങ്കീര്‍ണവുമായ ശസ്ത്രക്രിയ അല്ലാതെ മറ്റ് പോംവഴി ഒന്നുമുണ്ടായിരുന്നില്ലെന്നും ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. മനോജ് പി നായര്‍ പറഞ്ഞു.
ഹൃദയത്തിലൂടെ ശരീരത്തിലേക്കുള്ള രക്തചംക്രമണം കൃത്യമായി നിയന്ത്രിക്കുന്ന അയോര്‍ട്ടിക് വാല്‍വ്, ഏറ്റവും വലിയ രക്തധമനിയുടെ ഒരു ഭാഗം (അസെന്റിംഗ് അയോട്ട), ഹൃദയ രക്തധമനിയുടെ ഒരു ഭാഗം എന്നിവയ്ക്കു പുറമെ ശിരസിലേക്ക് രക്തമെത്തിക്കുന്ന അയോര്‍ട്ട പൂര്‍ണ്ണമായും മാറ്റിവെക്കുന്ന വിജയശതമാനം 30 ശതമാനം മാത്രമായിരുന്ന അതിസങ്കീര്‍ണമായ ശസ്ത്രക്രിയയാണ് നജീബില്‍ നടത്തിയത്.
ഹൃദയശസ്ത്രക്രിയാ വിദഗ്ധര്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, അനസ്തീഷ്യ & ക്രിട്ടിക്കല്‍ കെയര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ശസ്ത്രക്രിയയിലുടനീളം സജീവമായിരുന്നു. ശസ്ത്രക്രിയ സമയത്ത് വലിയൊരളവില്‍ തന്നെ രക്തവും ആവശ്യമായിരുന്നു.
ശസ്ത്രക്രിയാനന്തരം അണുബാധ ഉണ്ടാകാതിരിക്കുവാന്‍ പ്രത്യേക സജ്ജീകരണങ്ങളുമായി ഇന്‍ഫെക്ഷ്യസ് ഡിസീസ് സംഘം പൂര്‍ണ്ണ പിന്തുണ നല്‍കി. തീവ്രപരിചരണ വിഭാഗത്തില്‍ മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് നജീബിനെ മുറിയിലേക്ക് മാറ്റിയത്. അഞ്ച് ദിവസങ്ങള്‍ക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്തു. ഭാര്യയ്ക്കും മകനും മരുമകനുമൊപ്പമെത്തിയാണ് നജീബ് തുടര്‍പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. തന്റെ ജീവന്‍ കാത്ത് രക്ഷിച്ച ഡോക്ടര്‍മാരോടും മറ്റ് സ്റ്റാഫുകളോടുമുള്ള നന്ദിയും സ്നേഹവും അറിയിച്ചാണ് നജീബ് മടങ്ങിയത്.
ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഞങ്ങള്‍ ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണമായ കേസാണിത്. മാനേജ്മെന്റിന്റെയും, അനുബന്ധ വിഭാഗങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത്തരമൊരു സങ്കീര്‍ണ ശസ്ത്രക്രിയ വിജയകരമാക്കുവാന്‍ സാധിച്ചതെന്നും അനസ്തീഷ്യ & ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. സുരേഷ് ജി നായര്‍ വ്യക്തമാക്കി.
Content Highlights: Rare heart surgery, Aster Medcity


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..