എസ്.എഫ്.ഐ. സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായി നടന്ന ആരോഗ്യ പാർലമെന്റ് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം ഡോ. രാമചന്ദ്ര ഡോം ഉദ്ഘാടനംചെയ്യുന്നു
പെരിന്തൽമണ്ണ: ജനങ്ങളുടെയാകെ ആരോഗ്യസുരക്ഷ ഉറപ്പാക്കണമെങ്കിൽ കേന്ദ്രസർക്കാർ ആരോഗ്യനയങ്ങൾ തിരുത്തണമെന്നും അല്ലെങ്കിൽ സർക്കാരിനെ മാറ്റുകയല്ലാതെ മാർഗമില്ലെന്നും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവും ദളിത് ശോഷൺ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡന്റുമായ ഡോ. രാമചന്ദ്ര ഡോം. പെരിന്തൽമണ്ണയിൽ എസ്.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന ആരോഗ്യ പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2017-ലെ ദേശീയ ആരോഗ്യനയം പൊതുജനാരോഗ്യ സംവിധാനത്തിന്റെ അനിയന്ത്രിതമായ സ്വകാര്യവത്കരണത്തിനായി വാദിക്കുന്നതായിരുന്നുവെന്ന് ഡോം ചൂണ്ടിക്കാട്ടി. അടുത്ത ബജറ്റിൽ മോദി സർക്കാർ ആയുഷ്മാൻ ഭാരത് അവതരിപ്പിച്ചു. 2018-ൽ 1,200 കോടി രൂപയായിരുന്നു പരിപാടിക്ക് നീക്കിവെച്ചത്. ഇത് ഒട്ടും പര്യാപ്തമായിരുന്നില്ല. തത്ഫലമായി പല സംസ്ഥാനങ്ങളിലും പൊതുജനാരോഗ്യ കേന്ദ്രങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറുകയാണ്.
കേന്ദ്രസർക്കാരിന്റെ 2019-20 ലെ കണക്കനുസരിച്ച് രാജ്യത്ത് 1.58 ലക്ഷം ആരോഗ്യ ഉപകേന്ദ്രങ്ങളുണ്ട്. 3.3 ലക്ഷം വേണ്ടിടത്താണിത്. നിലവിലുള്ളവയിൽ മൂന്നിൽ രണ്ട് എണ്ണത്തിനേ സ്വന്തം കെട്ടിടമുള്ളൂ. ഇതിനുപുറമേ 5,000 പ്രാഥമികാരോഗ്യകേന്ദ്രങ്ങളും വേണം.
ആരോഗ്യപ്രവർത്തകരുടെ എണ്ണവും ഒട്ടും ആശാവഹമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ രജിസ്റ്റർചെയ്ത 13.1 ലക്ഷം അലോപ്പതി ഡോക്ടർമാരിൽ 20 ശതമാനം മരിക്കുകയോ കുടിയേറുകയോ പ്രാക്ടീസ് നിർത്തുകയോ ചെയ്തിട്ടുണ്ട്. 140 കോടി ജനങ്ങൾക്ക് 10.5 ലക്ഷം ഡോക്ടർമാരേയുള്ളൂ. അതായത് ഡോക്ടർ-രോഗി അനുപാതം 0.7: 1,000. ലോകാരോഗ്യസംഘടന ശുപാർശചെയ്യുന്ന അനുപാതം 1: 1,000 ആണ്. ലോകാരോഗ്യസംഘടന 300 പേർക്ക് ഒരു നഴ്സ് എന്ന് നിർദേശിക്കുമ്പോൾ ഇന്ത്യയിലുള്ളത് 611 പേർക്ക് ഒരു നഴ്സാണ്. അടിസ്ഥാന ചികിത്സാസൗകര്യങ്ങളിലും മനുഷ്യശേഷിയിലുമുള്ള ഈ കുറവ് കോവിഡ് കാലത്ത് പ്രകടമായി. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ച് ശതമാനമെങ്കിലും ആരോഗ്യമേഖലയ്ക്കായി മാറ്റിവെക്കണമെന്ന് ലോകാരോഗ്യസംഘടന ആവശ്യപ്പെടുന്നു. എന്നാൽ മോദി സർക്കാർ ഒരുശതമാനത്തിൽ അല്പം കൂടുതൽ മാത്രമാണ് നീക്കിവെയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. മുബാറക്ക് സാനി അധ്യക്ഷനായി. സംസ്ഥാന ആരോഗ്യവകുപ്പു മന്ത്രി വീണാജോർജ് ഓൺലൈനായി മുഖ്യ പ്രഭാഷണം നടത്തി. ഡോ. ഫസൽഗഫൂർ, ഡോ. രാജഹരിപ്രസാദ്, ആർഷ അന്ന പത്രോസ്, ഇ.പി. ഷിബു, ഡോ. പി.എം. മുരളി, പി.പി. വാസുദേവൻ, ഡോ. വി.യു. സീതി സെമിനാർ കമ്മറ്റി ചെയർമാൻ വി. ശശികുമാർ, സി.ടി. നുസൈബ, വി. രമേശൻ, ഇ. രാജേഷ്, ഡോ. എ. മുഹമ്മദ്, അഡ്വ. സി.എച്ച്. ആഷിക്, എം.എം. മുസ്തഫ, ഇ. അഫ്സൽ, ടി.പി. രഹ്ന സബീന, സി. ഉണ്ണി പാർവതി തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..