കൊച്ചി: കോവിഡ് പ്രതിരോധത്തിനു കൊടുക്കുന്ന ശ്രദ്ധ മറ്റു പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനും വേണമെന്ന്‌ എറണാകുളം ജില്ലാ ആരോഗ്യവകുപ്പ്. പകർച്ചവ്യാധികൾ പിടിപെടുന്നവർ ദിവസേന കൂടുന്നുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ ഡെങ്കിപ്പനി ബാധിതർ ഇത്തവണ കൂടുതലാണ്.

കനത്ത മഴയിൽ പലയിടത്തുമുണ്ടായ വെള്ളക്കെട്ട് രോഗം പരത്താൻ വഴിയൊരുക്കാം. കാലവർഷം അടുത്തുവെന്നതും ജാഗ്രതയോടെ കാണേണ്ട കാര്യമാണ്.

ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല, മഞ്ഞപ്പിത്തം എന്നീ ജലജന്യ രോഗങ്ങളാണ്‌ സാധാരണ ജില്ലയിൽ കാണുന്നത്. ഇതിനോടകം ആറു പേർക്ക്‌ ഷിഗെല്ല സ്ഥിരീകരിച്ചു. അഞ്ചുപേരിൽ ഇതിന്റെ ലക്ഷണങ്ങളും കണ്ടെത്തി. രോഗബാധിതരിൽ രണ്ടു വയസ്സുള്ള കുഞ്ഞുവരെ ഉണ്ടായതു ഗൗരവത്തോടെ കാണണമെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

സ്വയം ചികിത്സ ഒഴിവാക്കണം

കോവിഡ് ഭീതി മൂലം ആശുപത്രിയിലെത്തി ചികിത്സ തേടുന്നവർ ഇപ്പോൾ കുറവാണ്. സ്വയം ചികിത്സയെയാണ് ഇവർ ആശ്രയിക്കുന്നത്. ഇതൊഴിവാക്കണം. എല്ലാ ആശുപത്രികളിലും ഫോണിലൂടെയുള്ള ടെലി കൺസൾട്ടേഷനുണ്ട്. ഈ സൗകര്യം ഉപയോഗിക്കാം. പകർച്ചവ്യാധി ഉണ്ടോയെന്നു സംശയിച്ചാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കണം. പനി, ശരീരവേദന, കണ്ണിൽ ചുവപ്പ് എന്നിവ ഉണ്ടായാൽ ശ്രദ്ധിക്കണം. കോവിഡ് പശ്ചാത്തലത്തിൽ ആദ്യമടുത്തുള്ള ആശാ പ്രവർത്തകരെ വിവരം അറിയിക്കണം. ഇവർ ചികിത്സാ സൗകര്യം ഒരുക്കും.
- ആരോഗ്യ വകുപ്പ്

പ്രതിരോധിക്കാം

  • തിളപ്പിച്ചാറ്റിയ വെള്ളംമാത്രംകുടിക്കുക
  • കിണറുകളും ജലസ്രോതസ്സുകളുംക്ലോറിനേറ്റ് ചെയ്യുക
  • കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുക
  • ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുക

എലിപ്പനി ബാധ ചെറുക്കുന്നതിന്‌ 

വെള്ളത്തിലിറങ്ങി ജോലിചെയ്യുന്നവർ പ്രതിരോധ ഗുളിക കഴിക്കണം. കാലിൽ മുറിവുകൾ സംഭവിച്ചാൽ ജോലിക്കുപോകുന്നത് പരമാവധി ഒഴിവാക്കണം.

ലോക്ഡൗണും വീട്ടുപരിസരവും

ലോക്ഡൗൺ കാലത്ത്‌ വീടും പരിസരവും രോഗമുക്തമാക്കേണ്ട ചുമതല വീട്ടുകാർക്കുണ്ട്. ഈ വർഷം ഡെങ്കിപ്പനി ബാധിച്ച ഒരാൾക്കു രോഗം ഉണ്ടായത്‌ വീടിനകത്തുനിന്നാണ്. വീട്ടിനുള്ളിൽ ചെടി നട്ട ചട്ടിയിലെ വെള്ളത്തിലാണ് ഈഡിസ് കൊതുകിന്റെ ഉറവിടം കണ്ടെത്തിയത്.

വീടിനകത്തും പുറത്തും കുപ്പിയിലും ബൗളുകളിലും മറ്റും ചെടികൾ വളർത്തുന്ന രീതി കഴിഞ്ഞ ലോക്ഡൗൺ മുതൽ സർവ സാധാരണമാണ്. ഇതു ചെയ്യുമ്പോൾ ചട്ടികളിലും അവ വെയ്ക്കുന്ന പാത്രത്തിലും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. പകൽ സമയത്താണ് ഡെങ്കിപ്പനിക്കു കാരണമായ ഈഡിസ് കൊതുക് കടിക്കുക. ഇവയ്ക്ക് 200 മീറ്റർ വരെ മാത്രമേ പറക്കാൻ സാധിക്കൂ. വീടും ചുറ്റുപാടും ശുചിയാക്കിയാൽ ഈഡിസ് കൊതുകിനെ പരമാവധി അകറ്റിനിർത്താനാവും.

Content Highlights: Rainy season and communicable diseases, Dengue, Rat Fever, Leptospirosis, Hepatitis, Health