Representative Image | Photo: Gettyimages.in
തൃശ്ശൂർ: വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവം ചൂണ്ടിക്കാണിക്കുന്നത് ഓമനമൃഗങ്ങളെ പരിപാലിക്കുമ്പോഴും ജാഗ്രത നിർബന്ധമെന്ന വസ്തുതകൂടിയാണെന്ന് വിദഗ്ധർ. പെൺകുട്ടിക്ക് കടിയേറ്റത് വളർത്തുനായയിൽ നിന്നാണ്. അയൽക്കാരന്റെ നായയ്ക്ക് പേവിഷബാധയുണ്ടായിരുന്നോ എന്ന പരിശോധന നടന്നിട്ടില്ല. മാത്രമല്ല, പെൺകുട്ടിയെ കടിച്ച അന്നുതന്നെ നായയെ തല്ലിക്കൊന്ന് കുഴിച്ചുമൂടിയതായും സൂചനയുണ്ട്.
പേ ലക്ഷണമുള്ള നായ ചത്താൽ തീർച്ചയായും പരിശോധനയ്ക്ക് വിധേയമാക്കണം. മൃഗസംരക്ഷണവകുപ്പിൽ അറിയിക്കണം. മാത്രമല്ല വളർത്തുനായകൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമായും എടുക്കണം. പ്രതിരോധ കുത്തിവെപ്പെടുത്ത വളർത്തുനായ കടിച്ചാലും കടിയേറ്റയാൾ വാക്സിനെടുക്കണം. വ്യാഴാഴ്ച പേവിഷബാധമൂലം മരിച്ച പെരിഞ്ഞനം സ്വദേശി കുത്തിവെപ്പൊന്നും എടുത്തിരുന്നില്ല. കടിച്ച വളർത്തുനായക്കുഞ്ഞ് പിന്നീട് ചത്തിട്ടും പരിശോധന നടത്തുകയോ കുത്തിവെപ്പെടുക്കുകയോ ചെയ്തില്ല.
Also Read
പ്രതിരോധത്തിന് വകുപ്പുകളുടെ സമന്വയം അത്യാവശ്യം
പേവിഷബാധയടക്കമുള്ള ജന്തുജന്യരോഗങ്ങൾ ഏറുമ്പോൾ പ്രസക്തമാകുന്നത് ഏകാരോഗ്യം (one world, one health) എന്ന ആശയം. ഇത്തരം രോഗങ്ങൾക്കെതിരായ പ്രതിരോധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ ബന്ധപ്പെട്ട വകുപ്പുകളുടേയും വിദഗ്ധരുടേയും സമന്വയം അത്യാവശ്യമാണ്. അതുപോലെത്തന്നെയാണ് ഓമനമൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ പുലർത്തേണ്ട ജാഗ്രതയും.
-ഡോ. എൻ. വിജയൻ, റിട്ട. പാത്തോളജി വിഭാഗം തലവൻ
വെറ്ററിനറി സർവകലാശാല
ആഴത്തിൽ കടിയേറ്റതും ഉയർന്ന അളവിലുള്ള വൈറസ് ബാധയും വിനയായി
മെഡിക്കൽ കോളേജ് (തൃശ്ശൂർ): വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ വിരലിൽ ആഴത്തിൽ കടിയേറ്റതാകാം വാക്സിൻ ഫലപ്രദമാകാതിരിക്കാൻ കാരണമെന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ നിഗമനം. മാത്രമല്ല കടിയേറ്റ സമയത്ത് നായയുടെ ഉമിനീരിൽ വൈറസ് സാന്നിധ്യം കൂടുതലായുണ്ടായിരുന്നതും കാരണമാകാം. ഗവ. മെഡിക്കൽ കോളേജിൽ ചേർന്ന വിദഗ്ധരുടെ യോഗമാണ് ഈ നിഗമനത്തിലെത്തിയത്.
പെൺകുട്ടിക്ക് ഉയർന്ന അളവിൽ പേവിഷബാധ ഉണ്ടായിരുന്നു. കൈ വിരലുകളിൽ ഏറ്റ ആഴത്തിലുള്ള മുറിവ് പെട്ടെന്ന് തലച്ചോറിനെ ബാധിക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം ഇത്തരം സാഹചര്യത്തിലും വാക്സിനുകൾ പരാജയപ്പെടുന്നത് അത്യപൂർവമായ സംഭവമാണ്. പാലക്കാട് മങ്കര സ്വദേശി ശ്രീലക്ഷ്മി(19)യാണ് വ്യാഴാഴ്ച പുലർച്ചെ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
അതേസമയം വാക്സിനുകളുടെ ഗുണനിലവാരക്കുറവ് മൂലമാണ് മരണം സംഭവിച്ചതെന്ന് ഒരിക്കലും പറയാൻ കഴിയില്ലെന്നും യോഗം വിലയിരുത്തി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കമ്യൂണിറ്റി മെഡിസിൻ, ജനറൽ മെഡിസിൻ, ന്യൂറോളജി, മൈക്രോബയോളജി തുടങ്ങിയ വകുപ്പുമേധാവികൾ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..