Representative Image| Photo: Canva.com
പുകവലിയുടെ ദോഷവശങ്ങളെക്കുറിച്ച് നിരന്തരം ചർച്ച ചെയ്യപ്പെടാറുണ്ട്. ശ്വാസകോശരോഗങ്ങൾ ഉൾപ്പെടെ പല ആരോഗ്യ പ്രശ്നങ്ങൾക്കും പിന്നിൽ പുകവലി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുകവലിക്കുന്നയാളുടെ സമീപത്ത് നിൽക്കുന്നവർക്ക് പോലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. പുകവലി കൊണ്ടുള്ള ശാരീരിക പ്രശ്നങ്ങളെക്കുറിച്ച് പലപ്പോഴും സംസാരിക്കാറുണ്ടെങ്കിലും അതുമൂലമുള്ള മാനസിക പ്രശ്നങ്ങൾ പലരും ചർച്ച ചെയ്യാറില്ല. ഇപ്പോഴിതാ അതേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ബ്രിട്ടനിൽ നിന്നുള്ള ഒരുകൂട്ടം ഗവേഷകർ.
പുകവലി ഉപേക്ഷിക്കുന്നതിലൂടെ മാനസിക സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാനായെന്ന് കണ്ടെത്തി എന്നാണ് ഗവേഷർ പറയുന്നത്. പലരും സമ്മർദം കൂടുന്ന ഘട്ടങ്ങളിൽ പുകവലിയെ ആശ്രയിക്കാറുണ്ട്. എന്നാൽ ഇത് പരിഹാരമാകില്ലെന്ന് മാത്രമല്ല കൂടുതൽ പ്രശ്നകരമാവുകയേ ഉള്ളുവെന്ന് വ്യക്തമാക്കുകയാണ് ഗവേഷകർ.
ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പുകവലി നിർത്തലും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. 2011നും 2015നും ഇടയിലാണ് പഠനം നടത്തിയത്. 16 രാജ്യങ്ങളിലെ 140 കേന്ദ്രങ്ങളിൽ നടത്തിയ ക്ലിനിക്കൽ ട്രയലിൽ നിന്നുള്ള ഡേറ്റയാണ് പഠനത്തിനായി ശേഖരിച്ചത്. ജാമാ നെറ്റ്വർക്ക് ഓപ്പണിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
പുകവലി നിർത്തുന്നതിലൂടെ മാനസികാരോഗ്യത്തിൽ കാര്യമായ പുരോഗതി ഉണ്ടാകുന്നുവെന്ന വിലയിരുത്തലിലാണ് പഠനസംഘം എത്തിയത്. പുകവലി നിർത്തിയവരിൽ പലരുടെയും വിഷാദവും ഉത്കണ്ഠയും സമ്മർദവും കുറഞ്ഞുവരുന്നുവെന്നും കണ്ടെത്തി. മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ള പുകവലിക്കാരെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ തങ്ങളുടെ പഠനം സഹായിക്കുമെന്നാണ് കരുതുന്നതെന്ന് ഗവേഷകർ പറയുന്നു.
പുകവലിക്കുന്ന പലർക്കും അത് നിർത്തുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. പുകവലി ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്ന് അറിയുമെങ്കിലും സമ്മർദം അകറ്റാൻ അവർക്ക് അത് വേണമെന്ന തോന്നലുണ്ടാകുന്നു. ഓരോ തവണ പുകവലിക്കുമ്പോഴും ഇതാണ് സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ പുകവലിക്കു ശേഷം മെച്ചപ്പെട്ടതായി തോന്നുകയും ചെയ്യും. പുകവലി നിർത്തുമ്പോൾ മാനസികാരോഗ്യം മെച്ചപ്പെടുന്നതായാണ് കണ്ടെത്തിയത്. പുകവലി ഉപേക്ഷിക്കാത്തവരിൽ പുരോഗതി ഉണ്ടായതുമില്ല- പഠനത്തിൽ പങ്കാളിയായ പ്രൊഫസർ പോൾ അവേയാർഡ് പറയുന്നു.
കുറഞ്ഞത് ഒമ്പത് ആഴ്ച്ചയെങ്കിലും പുകവലി ഉപേക്ഷിച്ചവരിലാണ് പ്രകടമായ മാറ്റം കണ്ടുതുടങ്ങിയത്. പുകവലി പെട്ടെന്ന് നിർത്തുന്നതിലൂടെ സമ്മർദം, ക്ഷീണം, അസ്വസ്ഥത, ഉറക്കസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ വർധിക്കില്ല എന്നതല്ല അർഥമെന്നും മറിച്ച് ദീർഘകാലാടിസ്ഥാനത്തിൽ പുകവലി നിർത്തുന്നത് ഈ മേഖലകളിൽ എല്ലാം ഗുണകരമായ മാറ്റങ്ങളാണ് ഉണ്ടാക്കുക എന്നും ഗവേഷകർ വ്യക്തമാക്കി.
പുകവലി ഉപേക്ഷിക്കാൻ ചില പൊടിക്കൈകൾ
നിക്കോട്ടിന്‍ ആസക്തി അധികമാവുമ്പോള്‍ ഇഷ്ടമുള്ള മറ്റെന്തെങ്കിലും കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. സിനിമ കാണുകയോ പാട്ട് കേള്‍ക്കുകയോ നടക്കാന്‍ പോവുകയോ തുടങ്ങി ഇഷ്ടമുള്ള എന്ത് കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുകവലിയുടെ ചിന്തയില്‍നിന്ന് മനസ്സിനെ വ്യതിചലിപ്പിക്കും.
സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശീലമാക്കിയാല്‍ നിക്കോട്ടിനോടുള്ള ആസക്തി കുറയുകയും പകരം ശരീരത്തില്‍ റിലീസ് ചെയ്യപ്പെടുന്ന എന്‍ഡോര്‍ഫിനുകള്‍ നല്ലൊരു മൂഡ് സൃഷ്ടിക്കുകയും ചെയ്യും. ച്യൂയിങ് ഗമ്മോ ഷുഗര്‍ ഫ്രീ മിഠായികളോ നുണഞ്ഞുകൊണ്ടിരിക്കുന്നത് വായയെ എപ്പോഴും പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുകയും ഇത്തരത്തില്‍ പുകവലിയല്ലാതെ മറ്റെന്തെങ്കിലും സംഗതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തലച്ചോറിനെ സഹായിക്കുകയും ചെയ്യും.
പുകവലി നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് പലതരത്തിലുള്ള ട്രിഗറുകള്‍ ഉണ്ടാവാം. ഇത്തരം സാഹചര്യങ്ങളില്‍നിന്ന് ഒഴിവാകാന്‍ പരമാവധി ശ്രദ്ധ പുലര്‍ത്തണം. പുകവലിക്കുന്ന മറ്റാളുകളുടെ അടുത്ത് നിന്ന് മാറിനില്‍ക്കുക, സ്ഥിരമായി പുകവലിക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കുക എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഓരോരുത്തരുടേയും ട്രിഗറുകള്‍ വ്യത്യസ്തമായിരിക്കും. അത് കണ്ടെത്തി ഒഴിവാക്കാന്‍ ശ്രമിക്കുക. ഒപ്പം, ഒരു സപ്പോര്‍ട്ട് ഗ്രൂപ്പ് ഉണ്ടാവുന്നതും നല്ലതാണ്. സ്വന്തം കുടുംബത്തിലുള്ളവരുമായും സുഹൃത്തുക്കളുമായുമൊക്കെ കാര്യങ്ങള്‍ പങ്കുവെയ്ക്കുക, അവരുടെ പിന്തുണയും സഹകരണവും ചോദിക്കുക എന്നതൊകക്കെ വളരെയധികം ഉപകാരപ്രദമാണ്.
നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് തെറാപ്പിയാണ് മറ്റൊരു നല്ല മാര്‍ഗം. നിക്കോട്ടിന് പകരം എന്താണ് ഉപയോഗിക്കേണ്ടതെന്ന് ഉറപ്പില്ലാത്ത സാഹചര്യങ്ങളില്‍ വിദഗ്ധ സഹായം തേടണം. പുകവലി ഉപേക്ഷിക്കല്‍ എന്നത് വളരെയധികം പ്രയത്‌നവും സമയവും ആവശ്യമായ ഒരു സംഗതിയാണ് എന്ന വസ്തുതയാണ് ആത്യന്തികമായി മനസ്സിലാക്കേണ്ടത്. ഒറ്റദിവസം കൊണ്ട് അത് മാറ്റിയെടുക്കാന്‍ കഴിയില്ല.
Content Highlights: Quitting Smoking Could Be Good For Mental Health Too


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..