Photo:Gettyimages.in
കൊച്ചി: കോവിഡ്-19 രോഗമുക്തരായ വ്യക്തികൾക്ക് പൂർണ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള സൗജന്യ ആയുർവേദ ചികിത്സാ പദ്ധതിയാണ് ‘പുനർജനി’. ശാരീരികവും മാനസികവുമായ ആരോഗ്യം വിഭാവനം ചെയ്യുന്ന ഈ പദ്ധതിയിൽ ശരീരത്തിലെ സ്വാഭാവിക പ്രതിരോധ ശേഷി വീണ്ടെടുക്കാനുള്ള മരുന്നുകളും രസായന ചികിത്സയും ജീവിതശൈലീ ക്രമീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ സർക്കാർ ആയുർവേദ ആശുപത്രികളിലും ഡിസ്പെൻസറികളിലും ഈ പദ്ധതിപ്രകാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.
കോവിഡ് രോഗബാധിതരിൽ മൂന്നുമുതൽ നാലു ശതമാനം വരെ പേരാണ് ആശുപത്രികളിലെത്തുന്നത്. ഒരു ശതമാനംപേർ മരണത്തിനും കീഴടങ്ങുന്നു. എന്നാൽ, ബാക്കിയുള്ള 95 ശതമാനം പേരിലും കോവിഡനന്തരം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. രോഗലക്ഷണങ്ങൾ ഉണ്ടാകാത്തവരിൽ പോലും ഇത് കാണുന്നുണ്ട്. ക്ഷീണം, ഉദര-ശ്വസന സംബന്ധമായ അസുഖങ്ങൾ, പ്രമേഹത്തിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ എന്നിവ ഇവയിൽ ചിലതാണ്.
ഓരോ വ്യക്തിയെയും വ്യത്യസ്ത രീതിയിലാണ് കോവിഡ് ബാധിക്കുന്നത്. അതുകൊണ്ടുതന്നെ വ്യക്ത്യധിഷ്ഠിതമായ ചികിത്സയാണ് പുനർജനിയിലൂടെ നൽകുന്നത്.
വീട്ടിൽ ചികിത്സ പാടില്ല
കോവിഡ് ബാധിച്ചതുമൂലമുള്ള ക്ഷീണമാണെന്ന് കരുതി വൈദ്യസഹായം തേടാതിരിക്കരുത്. മറ്റ് ഗുരുതര രോഗങ്ങൾ ഇല്ലായെന്ന് ഉറപ്പു വരുത്തുന്നതിനാണിത്. വീട്ടുചികിത്സയും ദോഷമായി ബാധിക്കും.
ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. കഠിനമായ ജോലികളിലും വ്യായാമങ്ങളിലും ഏർപ്പെടാൻ പാടില്ല.
ഭക്ഷണം ആവശ്യത്തിനു മാത്രം
കോവിഡനന്തരം കാര്യമായി ഭക്ഷണം കഴിക്കണമെന്ന തെറ്റിദ്ധാരണയാണ് ഏവർക്കുമുള്ളത്. ക്ഷീണം മാറാൻ വയറുനിറയെ ഭക്ഷണം കഴിക്കുകയെന്നതല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. വളരെ എളുപ്പം ദഹിക്കുന്ന ഭക്ഷണം വേണം കഴിക്കാൻ. വിശപ്പിനോ ദഹനത്തിനോ ആയി ഒരു വ്യക്തിക്ക് നൽകുന്ന മരുന്ന് മറ്റൊരു വ്യക്തിക്ക് വിപരീത ഫലം ചെേയ്തക്കാം. അതുകൊണ്ട്, മരുന്നുകൾ ഡോക്ടർമാരുടെ നിർദേശത്തോടെ മാത്രമേ കഴിക്കാവൂ.
കോവിഡ് ബാധിതർ ഇതുവരെ ചെയ്തിരുന്ന എല്ലാ ദൈനംദിന ജോലികളിലേക്കും വളരെ പതുക്കെ വേണം തിരികെയെത്താൻ. ഇതിനായി ശ്വസന പ്രക്രിയകളും യോഗയും പ്രാണായാമവും ഉപയോഗപ്പെടുത്താം.
ശ്രദ്ധിക്കാം മരുന്നുകളും
ഷഡംഗം കഷായചൂർണം, ദ്രാക്ഷാദി കഷായചൂർണം, വില്വാദി ഗുളിക, സുദർശനം ഗുളിക എന്നിവയുൾപ്പെട്ട ആയുർവേദ ഔഷധങ്ങൾക്ക് ‘ആയുഷ്’ മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു. രക്തത്തിൽ ഓക്സിജന്റെ അളവ് ക്രമപ്പെടുത്തുന്നതിനും പ്രതിരോധ ശേഷി കൂട്ടുന്നതിനും ഇവ പര്യാപ്തമാണെന്നാണ് കണ്ടെത്തിയത്. സംശമനിവടി, സുദർശനം ഗുളിക ഇവ പ്രതിരോധ ശേഷി കൂട്ടുന്നതിനായും ഉപയോഗിക്കുന്നുണ്ട്.
Content Highlights:punarjani scheme for post-Covid health issues


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..