Representative Image| Photo: Canva.com
ദൈനംദിന ജീവിതത്തിൽ ചെയ്തിരുന്ന പലകാര്യങ്ങളും ശരിയായരീതിയിൽ ചെയ്യാനോ ഓർത്തെടുക്കാനോ കഴിയാതെ മറവിയിലേക്ക് ആഴ്ന്നുപോകുന്നവർ നിരവധിയുണ്ട്. തുടക്കത്തിൽ രോഗിക്കോ ചുറ്റുമുള്ളവർക്കോ പോലും ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയണമെന്നില്ല. ഡിമെൻഷ്യയെക്കുറിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ചുമൊക്കെ കാലങ്ങളായി പഠനം നടന്നുവരുന്നുണ്ട്. പുകവലി, അമിത മദ്യപാനം, ഉറക്കമില്ലായ്മ, വ്യായാമക്കുറവ്, ഏകാന്തത തുടങ്ങിയവയൊക്കെ ഡിമെൻഷ്യയിലേക്ക് നയിക്കുന്ന ഘടകങ്ങളാണെന്ന് വ്യക്തമാക്കുന്ന പഠനങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾക്ക് ഡിമെൻഷ്യ ബാധിക്കാൻ സാധ്യത കൂടുതലാണ് എന്നു വ്യക്തമാക്കുന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്.
സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. മറ്റുള്ളവരെ അപേക്ഷിച്ച് പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾക്ക് ഡിമെൻഷ്യ ബാധിക്കാനുള്ള സാധ്യത കൂടുതലാണ് എന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. 6000 പുരുഷ ഫുട്ബോൾ താരങ്ങളുടെ മെഡിക്കൽ റെക്കോഡ് പരിശോധിച്ചാണ് വിലയിരുത്തലിൽ എത്തിയിരിക്കുന്നത്.
56,000 ഫുട്ബോൾ കളിക്കാർ അല്ലാത്തവരുടെ മെഡിക്കൽ രേഖകളുമായി താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. ലാൻസെറ്റ് ഹെൽത്ത് ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫുട്ബോൾ കളിക്കിടെ തുടർച്ചയായി തലയ്ക്കേൽക്കുന്ന പരിക്കുകൾ മൂലമാണ് പിൽക്കാലത്ത് ഡിമെൻഷ്യ സാധ്യത വർധിക്കുന്നത് എന്നാണ് ഗവേഷകർ പറയുന്നത്.
തലകൂട്ടിയിടിക്കുന്നത് ഉൾപ്പെടെയുള്ള കളിക്കിടെയുണ്ടാകുന്ന തുടർച്ചയായ പരിക്കുകൾ മൂലം ക്രോണിക് ട്രോമാറ്റിക് എൻസഫലോപതി എന്ന അവസ്ഥയിലേക്ക് എത്തുന്നു. മസ്തിഷ്കത്തിൽ ഡിമെൻഷ്യക്ക് ഇടയാക്കുന്ന പ്രോട്ടീനുകൾ അടിഞ്ഞുകൂടുകയാണ് ഇവിടെ സംഭവിക്കുന്നത്. പന്തിൽ തുടർച്ചയായി ഹെഡ് ചെയ്യുന്നതും മറ്റു കളിക്കാരുമായുള്ള കൂട്ടിയിടിയും വീഴ്ച്ചയുമൊക്കെ ക്രോണിക് ട്രോമാറ്റിക് എൻസഫലോപതിയിലേക്ക് നയിക്കും. നിരന്തരം ഫുട്ബോളിൽ ഹെഡ് ചെയ്യുന്ന കളിക്കാരുടെ മസ്തിഷ്കത്തിന്റെ ഘടനയിലും പ്രവർത്തനത്തിലും മാറ്റങ്ങൾ വരാനുള്ള സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നുണ്ട്.
ഇതിനുപുറമേ മറ്റുള്ളവരെ അപേക്ഷിച്ച് ഫുട്ബോൾ കളിക്കാരിൽ മോട്ടോർ ന്യൂറോൺ രോഗങ്ങളായ എ.എൽ.എസ്(Amyotrophic lateral sclerosis ), പാർക്കിൻസൺസ് തുടങ്ങിയവ വരാനുള്ള സാധ്യതയും കൂടുതലാണെന്ന് പഠനം പറയുന്നു. ഇതുസംബന്ധിച്ച് കൂടുതൽ അവബോധം ജനങ്ങളിലേക്ക് എത്തിക്കേണ്ടത് പ്രധാനമാണെന്നും ഗവേഷകർ പറയുന്നു.
ഡിമെൻഷ്യയെക്കുറിച്ച് ചില കാര്യങ്ങൾ
ലോകത്താകമാനം 55 മില്ല്യൺ ആളുകളാണ് ഡിമെൻഷ്യ ബാധിതരായി ജീവിക്കുന്നത്. എല്ലാ വർഷവും 10 മില്ല്യൺ പുതിയ ഡിമെൻഷ്യ കേസുകൾ ഉണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു.
ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതലുള്ള ഡിമെൻഷ്യ രോഗങ്ങളിലൊന്നാണ് അൽഷൈമേഴ്‌സ് രോഗം. ഡിമെൻഷ്യയിലെ ഏതാണ്ട് 60-70 ശതമാനവും അൽഷൈമേഴ്‌സ് ആണ്.
ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ എന്ന് പൊതുവായി ദി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിശേഷിപ്പിക്കുന്നത്.
ഈ രോഗത്തിന് ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികപരവുമായ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് ലോകാരോഗ്യസംഘടന സൂചിപ്പിക്കുന്നു. ഇത് രോഗികളിൽ മാത്രമല്ല, രോഗികളെ പരിചരിക്കുന്നവർ, കുടുംബങ്ങൾ, സമൂഹം എന്നിവരെയും ഇത് ബാധിക്കുന്നുണ്ട്.
ഓർമക്കുറവ്, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ, ചിന്താശേഷിയിലെ കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പ്രശ്‌നപരിഹാരത്തിനുള്ള കഴിവ് കുറവ്, പരിചിതമായ പരിസരങ്ങൾ മറന്നുപോവുക, പരിചയമുള്ള വസ്തുക്കളെ വിശേഷിപ്പിക്കുവാൻ അപരിചിതമായ വാക്കുകൾ ഉപയോഗിക്കുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക, പഴയ ഓർമകൾ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങി പലതരം ലക്ഷണങ്ങൾ ഡിമെൻഷ്യ ബാധിതരിൽ കാണാനാവുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ പട്ടികയിൽ പറയുന്നു. ഇത് ഓരോ വ്യക്തിയിലും പ്രത്യേകമായിട്ടായിരിക്കും കാണുക.
നേരത്തെ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അത് തീവ്രമാകാതെ നോക്കി രോഗത്തെ കൃത്യമായി മാനേജ് ചെയ്യാൻ സാധിക്കും. ഡിമെൻഷ്യയ്‌ക്കൊപ്പമുള്ള ശാരീരിക രോഗങ്ങളെ ചികിത്സിക്കാനും, സ്വഭാവത്തിലെ മാറ്റങ്ങൾ മനസ്സിലാക്കാനും, രോഗികളുടെ പരിചാരകർക്ക് ആവശ്യമായ വിവരങ്ങൾ നൽകാനും നേരത്തെ രോഗം തിരിച്ചറിയുന്നത് സഹായിക്കും.
Content Highlights: Professional Football Players Are At A High Risk Of Dementia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..