യര്‍ന്ന വരുമാനമുള്ള ചില രാജ്യങ്ങളില്‍ ഹൃദ്രോഗങ്ങളും പക്ഷാഘാതവും മൂലമുള്ള മരണനിരക്കു കുറഞ്ഞുവരുന്നതായി പുതിയ പഠനം. അതേസമയം, മറ്റുചില രാജ്യങ്ങളില്‍ ഈ രോഗങ്ങള്‍ കാരണമുള്ള മരണനിരക്ക് കൂടുന്നതായും കണ്ടെത്തി. ഉയര്‍ന്ന വരുമാനമുള്ള 23 രാജ്യങ്ങളിലെ ഹൃദ്രോഗങ്ങളും പക്ഷാഘാതവും മൂലമുള്ള മരണനിരക്കാണ് ഗവേഷകര്‍ വിശകലനം ചെയ്തത്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എപിഡെമിയോളജിയിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 23 രാജ്യങ്ങളില്‍ 12 ഇടത്ത് 35-നും 74-നും ഇടയില്‍ പ്രായമുള്ളവരുടെ ഇടയില്‍ ഹൃദ്രോഗങ്ങള്‍മൂലമുള്ള മരണനിരക്ക് കുറഞ്ഞുവരുന്നതായി കണ്ടെത്തി.

ഹൃദ്രോഗങ്ങള്‍മൂലമുള്ള മരണനിരക്ക് വര്‍ധിക്കാനുള്ള പ്രധാനകാരണം പൊണ്ണത്തടിയാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുകഴിഞ്ഞാണ് പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം എന്നീ ഘടകങ്ങള്‍ വരുക. ഈ പ്രശ്‌നങ്ങള്‍ അവഗണിക്കുന്നത് ഹൃദ്രോഗങ്ങള്‍ കാരണമുള്ള മരണനിരക്കു വര്‍ധിക്കുന്നതിനോടൊപ്പം ആയുര്‍ദൈര്‍ഘ്യത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനു ഭീഷണിയാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ യു.എസിലെയും കാനഡയിലെയും സ്ത്രീകള്‍ക്കിടയില്‍ ഹൃദ്രോഗങ്ങള്‍ വര്‍ധിക്കുകയും മരണനിരക്ക് ഉയരുകയും ചെയ്തു. പൊണ്ണത്തടിയും മോശം ഭക്ഷണരീതിയുമാണ് മരണനിരക്ക് കൂടുന്നതിനു കാരണമായി പറയുന്നത്. ഈ രാജ്യങ്ങളില്‍ പൊണ്ണത്തടിയുള്ളവരുടെ എണ്ണം വളരെയധികമാണ്. എന്നാല്‍, ഓസ്‌ട്രേലിയ, യു.കെ. ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഹൃദ്രോഗങ്ങള്‍ കാരണമുള്ള മരണം, വര്‍ഷം 20 മുതല്‍ 50 ശതമാനംവരെ കുറഞ്ഞതായി കണ്ടെത്തി. 

Content Highlight: problems of over weight