Representative Image| Photo: AFP
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുകയാണ്. ചൈനയിലുൾപ്പെടെ വ്യാപനത്തിന് കാരണമായ ബി.എഫ്.7 എന്ന വകഭേദം ഇന്ത്യയിലും സ്ഥിരീകരിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ ജാഗ്രതാ സന്ദേശങ്ങൾക്കൊപ്പം വ്യാജവിവരങ്ങൾ പടച്ചുവിടുന്നവരും കുറവല്ല. അത്തരത്തിലൊരു വൈറൽ സന്ദേശത്തിന് കേന്ദ്രസർക്കാർ വ്യക്തത വരുത്തി അധികമാവും മുമ്പ് ഇതാ മറ്റൊരു വ്യാജസന്ദേശം കൂടി പരന്നിരിക്കുകയാണ്. ഒടുവിൽ അതിന് വ്യക്തത വരുത്തിയിരിക്കുകയാണ് പി.ഐ.ബി( പ്രസ് ഇൻഫർമേഷൻ ബ്യൂറോ). ട്വിറ്ററിലൂടെയാണ് വൈറലായിരിക്കുന്ന വ്യാജസന്ദേശവും അതിന്റെ യാഥാർഥ്യവും പങ്കുവെച്ചിരിക്കുന്നത്.
കോവിഡ് 19 സംബന്ധിച്ച് സാമൂഹിക മാധ്യമത്തിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ കുറ്റകരമാണ് എന്നതായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. കേന്ദ്രസർക്കാരിന്റെ ഉത്തരവ് എല്ലാ ഗ്രൂപ്പ് അംഗങ്ങളും അറിഞ്ഞിരിക്കണം എന്നും സർക്കാർ ഏജൻസികൾക്ക് മാത്രമേ കോവിഡ് അനുബന്ധ പോസ്റ്റുകൾ പങ്കുവെക്കാനാകൂ എന്നും സന്ദേശത്തിലുണ്ട്. തെറ്റായ സന്ദേശങ്ങളോ പോസ്റ്റുകളോ പങ്കുവെച്ചാൽ ഗ്രൂപ്പ് അഡ്മിന് എതിരെയും അംഗങ്ങൾക്കെതിരെയും ഐ.ടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്നും ജാഗരൂകരായിരിക്കണമെന്നും സന്ദേശത്തിലുണ്ട്.
എന്നാൽ ഇത് യഥാർഥമല്ലെന്നു ചൂണ്ടിക്കാട്ടി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക് വിഭാഗം ട്വീറ്റ് പങ്കുവെക്കുകയായിരുന്നു. കോവിഡ് സംബന്ധിച്ച പോസ്റ്റുകൾ പങ്കുവെക്കുന്നത് കേന്ദ്രസർക്കാർ കുറ്റകരമാക്കിയിട്ടില്ലെന്നും എന്നാൽ കോവിഡ് പോലൊരു ഗുരുതര രോഗം സംബന്ധിച്ച കൃത്യവും വിശ്വസനീയവുമായ വിവരങ്ങൾ പങ്കുവെക്കുക പ്രധാനമാണെന്നും ട്വീറ്റ് ചെയ്തു. ഉത്തരവാദിത്തപ്പെട്ട പൗരനായി, യഥാർഥ വിവരങ്ങൾ മാത്രം പങ്കുവെക്കൂ എന്നും ട്വീറ്റിലുണ്ട്.
കഴിഞ്ഞയാഴ്ച്ചയാണ് സമാനമായ ഒരു വൈറൽ സന്ദേശത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തത വരുത്തിയത്. ഒമിക്രോൺ വകഭേദമായ XBB അഞ്ചുമടങ്ങ് വ്യാപനശേഷിയുള്ളതും മരണനിരക്ക് കൂട്ടുന്നതും ഡെൽറ്റയേക്കാൾ അപകടകാരിയാണ് എന്നതുമായിരുന്നു വൈറലായ സന്ദേശം. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഈ വകഭേദത്തിന്റെ ലക്ഷണങ്ങൾ കടുത്തതായിരിക്കും എന്നും പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ വാട്സാപ് സന്ദേശം തെറ്റാണെന്നും ജനങ്ങൾ വിശ്വസിക്കരുതെന്നും വ്യക്തമാക്കുകയായിരുന്നു ആരോഗ്യ വകുപ്പ്.
മാസ്‌ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ പോലെ തന്നെ പ്രധാനമാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ വിശ്വസനീയമായവ മാത്രം പങ്കുവെക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. കോവിഡ് പ്രതിരോധവും കൈകാര്യം ചെയ്യലും സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്. സ്ഥിരീകരിക്കപ്പെട്ട അത്തരം വിവരങ്ങൾ പങ്കുവെക്കണമെന്നും മറ്റുള്ളവരെ അതിനായി പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറയുകയുണ്ടായി.
Content Highlights: press information bureau on fake news about COVID-19
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..