കൊച്ചി: പ്രസവത്തിന് മുമ്പുണ്ടാകുന്ന അമിതമാനസിക ഉത്കണ്ഠ കേരളത്തിലെ ഗര്‍ഭിണികളെ വിഷാദരോഗികളാക്കുന്നതായി പഠനങ്ങള്‍. ശാരീരികമാനസിക മാറ്റങ്ങള്‍ ഇക്കാലയളവില്‍ സാധാരണമായതിനാല്‍ ലക്ഷണങ്ങളെ ആരും തിരിച്ചറിയുന്നില്ല. ഇത്തരം ആശങ്കകള്‍ സാധാരണമായി കരുതുന്നതും പ്രസവാനന്തര മാനസികശാരീരിക സൗഖ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതും പ്രസവപൂര്‍വ വിഷാദത്തെ ശ്രദ്ധിക്കാതെ പോകുന്നതിന് കാരണമാകുന്നുണ്ട്.

സംസ്ഥാനത്ത് ഗര്‍ഭിണികളായ 1200ല്‍പരം യുവതികളാണ് കോഴിക്കോട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) നടത്തിയ പഠനത്തിന്റെ ഭാഗമായത്. 14.5 ശതമാനം സ്ത്രീകളില്‍ പ്രസവാനന്തര വിഷാദം കാരണമായപ്പോള്‍ 11 ശതമാനം സ്ത്രീകളിലാണ് പ്രസവപൂര്‍വ വിഷാദം കണ്ടെത്തിയത്. ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രശ്‌നങ്ങളുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ആഗോളതലത്തില്‍ ഏകദേശം 10 ശതമാനം ഗര്‍ഭിണികളും 13 ശതമാനം പ്രസവാനന്തര അമ്മമാരും മാനസിക വിഭ്രാന്തി അനുഭവിക്കുന്നുണ്ട്. വികസ്വരരാജ്യങ്ങളില്‍ ഇത് ഗര്‍ഭകാലത്ത് 15.6 ശതമാനവും പ്രസവാനന്തരം 19.8 ശതമാനവുമാണ്.

കാരണങ്ങള്‍

• പ്രസവത്തെക്കുറിച്ചുള്ള അമിതാശങ്ക

• പ്രതീക്ഷിക്കാതെ ഗര്‍ഭം ധരിച്ചത്

• കുട്ടികളുടെ ലിംഗം സംബന്ധിച്ച് കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നുമുള്ള സമ്മര്‍ദം

• പങ്കാളിയുടെ മോശമായ ഇടപെടലുകള്‍

• മാനസികാസ്വാസ്ഥ്യത്തിന് കഴിച്ചിരുന്ന മരുന്നുനിര്‍ത്തിയത്

• മുമ്പുനടന്ന ഗര്‍ഭച്ഛിദ്രം അല്ലെങ്കില്‍ മറ്റുള്ളവരുടെ അനുഭവങ്ങള്‍

• പങ്കാളിയുടെ സംരക്ഷണവും പരിചരണവും ലഭിക്കാത്തത്

• രണ്ടാമത്തെ പ്രസവമാണെങ്കില്‍ ആദ്യകുട്ടിയില്‍നിന്ന് അകന്നുനില്‍ക്കേണ്ടിവരുന്നത്.

Content Highlights: prenatal depression and risks