കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതോടെ ഏറ്റവും അധികം ആശങ്കപ്പെട്ടത് കുഞ്ഞുങ്ങളെക്കുറിച്ചും പ്രായമായവരെക്കുറിച്ചും ഗര്‍ഭിണികളെക്കുറിച്ചുമാണ്. ഗര്‍ഭിണികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ അത് ഗര്‍ഭസ്ഥശിശുവിനെ എങ്ങിനെ സ്വാധീനിക്കുമെന്നല്ലാം നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, കോവിഡ് ബാധിച്ച അമ്മാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

ജേണല്‍ ഓഫ് പെരിനാറ്റല്‍ മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫെയ്ന്‍ബെര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിനിലെ അസോസിയേറ്റ് പ്രൊഫസറും എം.ഡി.യും ലൂറീ ചില്‍ഡ്രസ് ഹോസ്പിറ്റലിലെ നിയോനാറ്റോളജിസ്റ്റുമായ മാലിക ഷാ ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഗര്‍ഭസ്ഥശിശുവിനെക്കുറിച്ച് ആകുലപ്പെടുന്ന അമ്മമാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പഠനമെന്ന് അവര്‍ പറഞ്ഞു.

ആറുമാസത്തോളം കുട്ടികളുടെ വളര്‍ച്ചാ ഗതിയും വികസന നാഴികക്കല്ലുകളും ആധാരമാക്കി നടത്തിയ പഠനത്തില്‍ സാധാരണനിലയിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും ഇത് വളരെ ആശ്വാസകരമായ കാര്യമാണെന്നും അവര്‍ പറഞ്ഞു.

33 സ്ത്രീകളിലും അവരുടെ നവജാതശിശുക്കളിലുമാണ് പഠനം നടത്തിയത്. പഠനം നടത്തിയ മുഴുവന്‍ സ്ത്രീകള്‍ക്കും അവരുടെ ഗര്‍ഭകാലത്ത് കോവിഡ് 19 ബാധിച്ചിരുന്നു. അതേസമയം, ഇവരുടെ കുഞ്ഞുങ്ങള്‍ക്ക് കോവിഡ് ബാധിച്ചിരുന്നില്ല. മൂന്ന് കുഞ്ഞുങ്ങള്‍ മാസം തികയാതെയാണ് പ്രസവിച്ചത്. അഞ്ച് പേര്‍ക്കാകട്ടെ എന്‍.ഐ.സി.യുവിന്റെ സഹായം ആവശ്യമായി വന്നു. എന്നാല്‍, ഇതൊന്നും കോവിഡ് കാരണമായിരുന്നില്ല.

കോവിഡ് വാക്‌സിന്‍ ലഭ്യമാകുന്നതിന് മുമ്പ് ജനിച്ച കുഞ്ഞുങ്ങളായിരുന്നു എല്ലാവാരും.

Content highlights: regnant women with COVID-19 give normal births new study found