Representative Image | Photo: Gettyimages.in
കോഴിക്കോട് കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ഭാഗത്ത് ഷിഗെല്ല ബാക്ടീരിയമൂലമുള്ള രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു.
പ്രദേശത്ത് ഒരു മരണവും സമാനലക്ഷണങ്ങളുള്ള 25 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിശോധനയില്‍ ആറുകേസുകളില്‍ ഷിഗെല്ല സോണിയെ എന്ന രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തുനിന്ന് വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കയാണ്.
ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്ത കോട്ടാംപറമ്പ് പ്രദേശത്ത് ആരോഗ്യവകുപ്പ് ഉന്നതസംഘം സന്ദര്‍ശിച്ചു. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. സരള നായര്‍, എപ്പിഡമോളജിസ്റ്റ് നിലീന, കോര്പ്പറേഷന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ശിവദാസ് തുടങ്ങിയവരാണ് സന്ദര്‍ശിച്ചത്. മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ എച്ച്.ഐ. ടി. രാജേന്ദ്രന്, പബ്ലിക് ഹെല്‍ത്ത് നഴ്സ് ടി. സുബൈദ തുടങ്ങിയവരുമായി ആശയവിനിമയം നടത്തി.
ഷിഗെല്ല ബാധയുടെ ഉറവിടം കണ്ടെത്താന്‍ മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന് വിഭാഗത്തിന്റെ സഹായം തേടി. ജില്ലാതല റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒമ്പത് കുട്ടികളെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ കോട്ടാംപറമ്പ് പള്ളിക്ക് സമീപത്തെ ഹാളില്‍ കോര്‍പ്പറേഷനും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്ന് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തും.
ആരോഗ്യപ്രവര്‍ത്തകര്‍ പ്രദേശത്തെ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്തുകയും വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നല്കുകയുംചെയ്തു. അങ്കണവാടികളിലുംമറ്റും ഒ.ആര്.എസ്. പാക്കറ്റുകള്‍ ലഭ്യമാക്കി. പ്രദേശത്ത് ജാഗ്രത പാലിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി. വയറിളക്കവും മറ്റു രോഗലക്ഷണവുമുള്ളവര്‍ ആരോഗ്യപ്രവര്‍ത്തരെ വിവരമറിയിക്കണമെന്ന് ഡി.എം.ഒ. അറിയിച്ചു.
ഷിഗെല്ലോസിസ് ലക്ഷണങ്ങള്‍
വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തംകലര്‍ന്ന മലം.രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ഇതിനാല്‍ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു.
പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളില്‍ മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും.
രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും. രണ്ടുമുതല്‍ ഏഴുദിവസംവരെ രോഗലക്ഷണങ്ങള്‍ കാണപ്പെടും. ചില കേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലര്‍ന്ന മലവിസര്‍ജനം, നിര്‍ജലീകരണം, ക്ഷീണം എന്നിവയുണ്ടായാല് ഉടന്‍ വൈദ്യസഹായം തേടണം.
പ്രതിരോധമാര്‍ഗങ്ങള്‍
- തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക.
- ഭക്ഷണത്തിനുമുമ്പും മലവിസര്‍ജനത്തിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
- വ്യക്തിശുചിത്വം പാലിക്കുക.
- തുറസ്സായ സ്ഥലങ്ങളില്‍ മല-മൂത്ര വിസര്‍ജനം ചെയ്യാതിരിക്കുക.
- കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായവിധം സംസ്കരിക്കുക.
- രോഗലക്ഷണങ്ങളുള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക.
- പഴകിയ ഭക്ഷണം കഴിക്കരുത്.
- ഭക്ഷണപദാര്‍ഥങ്ങള്‍ ശരിയായരീതിയില്‍ മൂടിവെക്കുക.
- വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.
- കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
- വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക.
- രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
- പഴങ്ങളും പച്ചക്കറികളും കഴുകിയതിനുശേഷംമാത്രം ഉപയോഗിക്കുക.
- രോഗലക്ഷണമുള്ളവര്‍ ഒ.ആര്.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം എന്നിവ കഴിക്കുക.
- കുടിവെള്ളസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..