പ്രസവാനന്തര വിഷാദം ബാധിക്കുന്ന സ്ത്രീകളെക്കുറിച്ച് ധാരാളം കേള്‍ക്കാറുണ്ട്. അമ്മയാവുന്ന ഒന്‍പതില്‍ ഒരാള്‍ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ കുഞ്ഞ് പിറന്നാല്‍ അമ്മമാര്‍ക്ക് മാത്രമല്ല അച്ഛന്‍മാര്‍ക്കും വിഷാദം ഉണ്ടാകുന്നുണ്ടെന്നാണ്(Paternal Postpartum Depression-PPND) പുതിയ പഠനത്തില്‍ പറയുന്നത്. പ്രായം കുറഞ്ഞ അച്ഛന്‍മാരാണ് ഇത്തരത്തില്‍ പ്രസവാനന്തര വിഷാദത്തിന് അടിമപ്പെടുന്നതെന്നും അച്ഛന്‍മാരാവുന്ന പത്ത് ശതമാനം പേര്‍ ഈ അവസ്ഥ അനുഭവിക്കുന്നുണ്ടെന്നും ജേണല്‍ ഓഫ് അമേരിക്കല്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു. 

കുഞ്ഞിന് വളര്‍ത്തേണ്ടതിനെക്കുറിച്ചുള്ള അറിവില്ലായ്മ, കുട്ടി വലിയ തോതില്‍ കരയുന്നത്, ചുമതലകള്‍ കൂടുന്നത്, ഭാര്യ ഭര്‍ത്താവിനെ മനസ്സിലാക്കാത്ത അവസ്ഥ, ഭാര്യ-ഭര്‍തൃ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് പുരുഷന്‍മാരിലെ ഈ സമയത്തെ വിഷാദത്തിന് കാരണമായി പറയുന്നത്. 

അമ്മ കുഞ്ഞിനോട് വളരെ പെട്ടെന്ന് ആത്മബന്ധം സ്ഥാപിക്കുമെങ്കിലും അച്ഛന്‍മാര്‍ക്ക് അതിന് സമയമെടുക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ പോലുള്ള കാര്യങ്ങളും പുരുഷന്‍മാരില്‍ പ്രതിസന്ധിയുണ്ടാക്കും. അച്ഛന്‍മാരിലെ പ്രസവാനന്തര വിഷാദം ഗുരുതരമായി ഏറെനാള്‍ നീണ്ടുനില്‍ക്കുമെന്നതിനാല്‍ വിഷമം, അസ്വസ്ഥത, വ്യാകുലത എന്നിവയൊക്കെ ഉണ്ടാകാനും ഇടയുണ്ട്. 

പരിഹരിക്കാന്‍ എന്തു ചെയ്യാം

നേരത്തെ തിരിച്ചറിഞ്ഞാല്‍ വീട്ടില്‍ വെച്ചുതന്നെ ഈ പ്രശ്‌നം പരിഹരിക്കാനാവും. 

  • ടോക്ക് തെറാപ്പി(Talk Therapy) വിഷാദ ചികിത്സയ്ക്ക് വളരെ ഫലപ്രദമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 
  • കൃത്യമായി ഭക്ഷണം കഴിക്കുക. 
  • ദിവസവും വ്യായാമം ചെയ്യുക. 
  • രാത്രി കൃത്യമായി ഉറങ്ങുക. 
  • കുഞ്ഞിന്റെ കരച്ചില്‍ ഉറക്കം കളയുന്നുണ്ടെങ്കില്‍ പകല്‍ സമയത്ത് അല്‍പനേരം ഉറങ്ങുക. 
  • മദ്യം ഉള്‍പ്പടെയുള്ള ലഹരി ഉപയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുക. 
  • ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം മറ്റ് ആരെങ്കിലും ഉണ്ടെങ്കില്‍ ആ സമയം അല്പം നടക്കാന്‍ പോകാം. മനസ്സിലെ ഭാരമൊക്കെ ഒഴിഞ്ഞുപോകും. 
  • ഇത്തരം കാര്യങ്ങളെല്ലാം ചെയ്തിട്ടും വിഷാദം മാറുന്നില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാവുന്നതിന് മുന്‍പായി ഒരു സൈക്കോളജിസ്റ്റിനെ കണ്ട് ആവശ്യമായ ഉപദേശം സ്വീകരിക്കുക. 

Content Highlights: Postpartum depression in men take these steps to prevent it, Health, Postpartum depression