ന്യൂഡൽഹി: രാജ്യത്താദ്യമായി കോവിഡ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്ത് നടത്തിയ പഠനത്തിൽ ആശങ്കയുണ്ടാക്കുന്ന കണ്ടെത്തലുകൾ. കോവിഡ് വൈറസ് ആഗ്നേയ ഗ്രന്ഥിയെയും (പാൻക്രിയാസ്) തലച്ചോറിനെയുംവരെ സാരമായി ബാധിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. കോവിഡ് ബാധിച്ച് മരിച്ച 21 പേരുടെ മൃതദേഹങ്ങൾ പരിശോധിച്ചാണ് ഭോപാൽ എയിംസിലെ ഫൊറൻസിക് വിഭാഗം റിപ്പോർട്ട് തയ്യാറാക്കിയത്. കുടൽ, കരൾ, ശ്വാസകോശം എന്നിവയെ മാത്രമല്ല, വൃക്ക, തൈറോയ്ഡ്, പാൻക്രിയാസ്, എല്ലുകൾ, തലച്ചോർ എന്നിവയിലും വൈറസിന്റെ ആക്രമണമുണ്ടാകുന്നുവെന്നാണ് വ്യക്തമായത്. പകുതിയോളം മൃതദേഹങ്ങളുടെ തലച്ചോറിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയത് ഞെട്ടലുണ്ടാക്കിയെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ സംഘത്തിലെ തിരുവനന്തപുരം സ്വദേശി ഡോ. ജെ.എസ്. ശ്രാവൺ പറഞ്ഞു.

ബ്ലഡ് ബ്രെയിൻ ബാരിയറും കടന്ന് തലച്ചോറിൽ എത്താമെങ്കിൽ കോവിഡ് വൈറസിന് ശരീരത്തിൽ എവിടെവേണമെങ്കിലും പ്രവേശിക്കാനാകും. പാൻക്രിയാസിനെ കോവിഡ് ബാധിക്കുമെന്നതും ആശങ്കയുണ്ടാക്കുന്നു. കാരണം, കോവിഡ് ഭേദമായവരിൽ പിന്നീട് പ്രമേഹം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബന്ധുക്കളുടെ അനുമതി ലഭിച്ച, 25 മുതൽ 84 വയസ്സുവരെ പ്രായമായവരുടെ മൃതദേഹങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഡോ. ശ്രാവണിനു പുറമേ ഫൊറൻസിക് മെഡിസിൻ വിഭാഗത്തിലെ ഡോ. ജയന്തി യാദവ്, ഡോ. ബൃന്ദാ പട്ടേൽ, ഡോ. മഹാലക്ഷ്മി എന്നിവരാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.

Content Highlights: Postmortem examination shows Corona Virus can infect brain cells, Health