കൊച്ചി: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ആറു മാസത്തിനുള്ളിൽ രാത്രിയിൽ പോസ്റ്റുമോർട്ടം ആരംഭിക്കണമെന്ന് ഹൈക്കോടതി. എല്ലാ സൗകര്യങ്ങളും ഒരുക്കണം. കാസർകോട് ജനറൽ ആശുപത്രിയിലും രാത്രിയിൽ പോസ്റ്റുമോർട്ടം തുടങ്ങണം. ഇതിനാവശ്യമായ ജീവനക്കാർ അടക്കമുള്ള സൗകര്യങ്ങൾ ഒരു മാസത്തിനുള്ളിൽ ലഭ്യമാക്കണം. അസ്വാഭാവിക മരണം റിപ്പോർട്ടുചെയ്താൽ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകേണ്ട ചുമതല സർക്കാരിനായിരിക്കും. അതിനുള്ള ചെലവ്‌ സർക്കാർ വഹിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവിൽ പറയുന്നു.

അഞ്ചു മെഡിക്കൽ കോളേജുകളിൽ പൈലറ്റ് പദ്ധതിയെന്ന നിലയിൽ രാത്രി പോസ്റ്റുമോർട്ടം ആരംഭിക്കുന്നതിനായി 2015-ൽ സർക്കാർ തീരുമാനിച്ചിരുന്നു. ആവശ്യത്തിന് ഡോക്ടർമാർ അടക്കം ഇല്ലെന്ന കാരണത്താൽ നടപ്പാക്കാനായില്ല. രാത്രി പോസ്റ്റുമോർട്ടത്തിന് അടുത്തിടെ കേന്ദ്ര സർക്കാരും അനുമതി നൽകി. അപ്പോഴും അടിസ്ഥാനസൗകര്യം ഇല്ലാത്തതിനാൽ തടസ്സം ഉണ്ടെന്നായിരുന്നു സർക്കാർ നിലപാട്. ഈ നിലപാട് തള്ളിക്കൊണ്ടാണ് ഉത്തരവ്.

രാത്രിയിൽ പോസ്റ്റുമോർട്ടം നടത്തുന്നതിനായി അടിസ്ഥാനസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കേരള മെഡിക്കോ ലീഗൽ സൊസൈറ്റി അടക്കം ഫയൽ ചെയ്ത ഹർജി തീർപ്പാക്കിയാണ് കോടതിയുടെ ഉത്തരവ്.

ശാസ്ത്രം ഏറെ പുരോഗമിച്ചെന്ന് കോടതി

കൊച്ചി: പോസ്റ്റുമോര്‍ട്ടം പകല്‍ വെളിച്ചത്തില്‍ നടത്തണം എന്നത് പണ്ടുകാലം മുതലുള്ള വിശ്വാസമാണെന്ന് ഹൈക്കോടതി. മെഡിക്കല്‍ പുസ്തകങ്ങളും അതിനുള്ള കാരണങ്ങള്‍ നിരത്തുന്നുണ്ട്. എന്നാല്‍, ശാസ്ത്രം ഏറെ പുരോഗമിച്ചുവെന്ന് രാത്രിയും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ഉത്തരവിട്ട കോടതി അഭിപ്രായപ്പെട്ടു.

കോടതിയുടെ മറ്റു നിര്‍ദേശങ്ങള്‍

ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള സമയം നിശ്ചയിച്ച് ചീഫ് സെക്രട്ടറി ആറു മാസത്തിനുള്ളില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണം. ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് നിശ്ചിത സമയത്തില്‍ കൈമാറേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. സമയത്തിനുള്ളില്‍ നടത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണം. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ ചെലവും സര്‍ക്കാര്‍ വഹിക്കണം. ഈ കാര്യങ്ങളെല്ലാം സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തണം. സൗകര്യമുള്ള എല്ലാ ആശുപത്രികളിലും രാത്രിയില്‍ പോസ്റ്റുമോര്‍ട്ടം ആരംഭിക്കുന്നത് സംബന്ധിച്ച് പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിക്ക് രൂപം നല്‍കണം. സമിതിയുടെ ശുപാര്‍ശ അനുകൂലമാണെങ്കില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

'ബി.എം.ഡബ്യു.' വേണമെന്ന് ആവശ്യപ്പെടരുത്

എല്ലാ സൗകര്യങ്ങളുമുള്ള എയര്‍ കണ്ടീഷന്‍ഡ് മാരുതിക്കാര്‍ സര്‍ക്കാര്‍ നല്‍കുമ്പോള്‍ രാജകീയ സൗകര്യങ്ങളുള്ള ബി.എം.ഡബ്യു. കാര്‍ വേണമെന്ന് ആവശ്യപ്പെടരുതെന്ന് ഡോക്ടര്‍മാരോട് ഹൈക്കോടതി. രാത്രി പോസ്റ്റുമോര്‍ട്ടത്തിന് മെഡിക്കല്‍ കോളേജുകളില്‍ മതിയായ സൗകര്യമില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയതാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണമായത്. ആവശ്യത്തിന് ജീവനക്കാരും ലൈറ്റുമടക്കമുള്ള സൗകര്യങ്ങളും ഇല്ലെന്നതല്ലാതെ ഹര്‍ജിയില്‍ പറയുന്ന മറ്റ് കാരണങ്ങള്‍ അംഗീകരിക്കാനാകില്ല.

ഡോക്ടര്‍മാരുടെയും ഫൊറന്‍സിക് വിദഗ്ധരുടെയും മികച്ച സേവനം കാണാതെയല്ല പറയുന്നത്. അവരുടെ സേവനങ്ങളില്‍ എല്ലാവരും അഭിമാനിക്കുന്നുണ്ട്. പക്ഷേ, സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടും കാണാതിരിക്കരുത്. - കോടതി അഭിപ്രായപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇങ്ങനെ

സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് അനുമതി നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം നവംബര്‍ 15-നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നരഹത്യ, ബലാത്സംഗം, ജീര്‍ണിച്ച മൃതദേഹം, ക്രമക്കേട് സംശയിക്കുന്ന സംഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട മൃതദേഹങ്ങള്‍ രാത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പാടില്ല. എന്നാല്‍, അയവദാനത്തിനായും അപകടത്തിലോ പ്രകൃതി ദുരന്തങ്ങളിലോ ഒട്ടേറെ പേര്‍ മരിച്ചാലും രാത്രി പോസ്റ്റുമോര്‍ട്ടത്തിന് അനുമതി നല്‍കാം.

അഞ്ച് മെഡിക്കല്‍ കോളേജുകളില്‍ രാത്രി പോസ്റ്റുമോര്‍ട്ടം വേണം

കൊച്ചി: മരണശേഷവും മനുഷ്യന്റെ മൗലികാവകാശങ്ങള്‍ തുടരുന്നുണ്ടെന്ന് ഹൈക്കോടതി. ആറുമാസത്തിനുള്ളില്‍ അഞ്ച് മെഡിക്കല്‍ കോളേജുകളില്‍ രാത്രിയില്‍ പോസ്റ്റുമോര്‍ട്ടം ആരംഭിക്കണമെന്ന് ഉത്തരവിട്ട വിധിന്യായത്തിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ഇത് വ്യക്തമാക്കിയത്.

പോസ്റ്റുമോര്‍ട്ടം വൈകുന്നത് മരിച്ചയാളുടെ അവകാശങ്ങളുടെ ലംഘനമാണ്. രാത്രിയില്‍ പോസ്റ്റുമോര്‍ട്ടം ആരംഭിക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് തടസ്സമായി പറയാനാകില്ല. അസ്വാഭാവികമരണം സംഭവിച്ചാല്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തി മൃതദേഹം വിട്ടുകിട്ടുന്നതിനായി ബന്ധുക്കള്‍ പോലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകരുത്. അസ്വാഭാവികമരണം സംഭവിച്ചാല്‍ വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചാല്‍ മതി. ബാക്കിയുള്ള നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിക്കണം. അതിനുള്ള എല്ലാചെലവും സര്‍ക്കാര്‍ വഹിക്കണം. നിലവില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനും പോസ്റ്റുമോര്‍ട്ടത്തിനും സമയം നിശ്ചയിച്ചിട്ടില്ല. പോലീസ് ഉദ്യോഗസ്ഥര്‍ യഥാസമയം എത്താത്തതാണ് ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും വൈകുന്നതിനുള്ള പ്രധാന കാരണം. അസ്വാഭാവികമരണം റിപ്പോര്‍ട്ട്‌ചെയ്താല്‍ ആദ്യം ഒരു ഉദ്യോഗസ്ഥനെ സ്ഥലത്തുനിര്‍ത്തി പോലീസ് മടങ്ങുകയാണ് ചെയ്യുന്നത്. അതിനുശേഷം ഏറെ വൈകിയാണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നത്. ഇതിനൊക്കെ മാറ്റംവേണം.

അസ്വാഭാവികമരണമാണെങ്കിലും അന്തസ്സോടെ, ഏറെ വൈകാതെ മൃതദേഹം സംസ്‌കരിക്കണമെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആവശ്യത്തിന് നിയമപരമായ നടപടിക്രമങ്ങള്‍ തടസ്സമായി മാറരുതെന്നും കോടതി അഭിപ്രായപ്പെട്ടു.

Content Highlights: Post mortem at night should start within six months says high court