Photo: Gettyimages.in
കൊച്ചി: കോവിഡനന്തര ആരോഗ്യപ്രശ്നങ്ങൾക്ക് കേരളത്തിൽ ഇതുവരെ ചികിത്സതേടിയത് ഏഴുലക്ഷത്തിലധികം പേർ. ശ്വാസകോശ പ്രശ്നങ്ങൾ കണ്ടെത്തിയത് 53,280 പേർക്കാണ്. 8609 പേരിൽ ഹൃദ്രോഗം, 19,842 പേരിൽ പേശിവേദന, 7671 പേരിൽ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, 4568 പേരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 2732 പേരെ വിദഗ്ധചികിത്സയ്ക്ക് റഫർ ചെയ്തു. 1294 പേർക്കാണ് കിടത്തിച്ചികിത്സ വേണ്ടിവന്നത്. മൂന്ന് തരംഗങ്ങളിലായാണിത്.
കോവിഡ് രോഗമുക്തി നേടിയവരിൽ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ കാണുന്നതിനാൽ എല്ലാ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ശക്തമാക്കിയിട്ടുണ്ട്. പ്രാഥമിക ആരോഗ്യതലം മുതൽ മെഡിക്കൽ കോളേജുകൾ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ് കോവിഡ് സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
അമിതക്ഷീണം, പേശിവേദന
മൂന്നാം തരംഗം ആരംഭിച്ച് ഇതുവരെ അരലക്ഷത്തോളം പേർ ചികിത്സതേടി. കോവിഡ് മുക്തരായവരിൽ അമിതക്ഷീണം, പേശിവേദന മുതൽ മാരകമായ ഹൃദ്രോഗവും മറ്റ് ജീവിതശൈലീരോഗങ്ങളും വരെ കണ്ടുവരുന്നതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോവിഡ് മുക്തരായവരിൽ കണ്ടുവരുന്ന വിവിധതരം രോഗലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമായേക്കാം.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തിങ്കൾ മുതൽ ശനി വരെ ഉച്ചയ്ക്ക് 12 മണി മുതൽ രണ്ടുമണി വരെയും ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും എല്ലാ ദിവസവും സ്വകാര്യ ആശുപത്രികളിൽ മാനേജ്‌മെന്റ് നിശ്ചയിക്കുന്ന ദിവസങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ പ്രവർത്തിക്കും.
പോസ്റ്റ് കോവിഡ് ചികിത്സയ്ക്ക് സമിതികൾ
സംസ്ഥാന, ജില്ലാ, സ്ഥാപന തലങ്ങളിൽ പ്രത്യേക സമിതികളാണ് സർക്കാർ, സ്വകാര്യ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ നടത്തിപ്പും മേൽനോട്ടവും വഹിക്കുന്നത്. താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ നേരിട്ട് എത്തിയോ ഫോൺ വഴിയോ ‘ഇ-സഞ്ജീവനി’ ടെലിമെഡിസിൻ സൗകര്യം ഉപയോഗപ്പെടുത്തിയോ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം തേടാം.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് വ്യായാമപരിശീലനം, ബോധവത്കരണം, പുകയില ഉപയോഗം നിർത്താനുള്ള വിവിധ സേവനങ്ങൾ ഉൾപ്പെടെയുള്ള ‘പൾമണറി റിഹാബിലിറ്റേഷൻ’ സേവനങ്ങളും ആശുപത്രികളിൽ ലഭ്യമാണ്. കോവിഡ് ചികിത്സ പൂർത്തിയാക്കിയാലും മൂന്നാഴ്ച മുതൽ മൂന്നു മാസത്തിനിടയിൽ കോവിഡനന്തര ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നു.
ടി.ബി. സ്‌ക്രീനിങ്
പോസ്റ്റ് കോവിഡ് ശ്വസനരോഗങ്ങളുടെ ലക്ഷണങ്ങൾക്ക് ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ ക്ഷയരോഗ നിർണയത്തിൽ കാലതാമസം വരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കോവിഡ് മുക്തരായ രോഗികളിൽ ക്ഷയരോഗമുള്ളവരെ കണ്ടെത്താനായി എല്ലാ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലും ടി.ബി. സ്‌ക്രീനിങ് നടത്തുന്നുണ്ട്. പരിശോധിച്ചതിൽ 20 പേരിൽ ടി.ബി. കണ്ടെത്തുകയും ചെയ്തു.
Content Highlights: post covid complications, post covid treatment, post covid symptoms


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..