Representative Image | Photo: Gettyimages.in
കൊല്ലം: ഗുരുതരലക്ഷണങ്ങളില്ലാതെ കോവിഡ് വന്നുപോയവർ ദിവസങ്ങൾക്കകം കായികാധ്വാനവും വ്യായാമങ്ങളും ചെയ്യുന്നത് അപകടസാധ്യതയേറ്റുന്നു. പതിവുപോലെ വ്യായാമമുറകൾ ചെയ്തവരിൽ ഹൃദ്രോഗവും പക്ഷാഘാതവും വ്യാപകമായതോടെ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പുമായി രംഗത്തെത്തി. കോവിഡ് ബാധിച്ചവരിൽ മിക്കവർക്കും ജലദോഷത്തിന്റെ ലക്ഷണങ്ങൾ മാത്രമാകും ഉണ്ടാകുക. പലർക്കും ഒരാഴ്ചയ്ക്കുള്ളിൽ രോഗം ഭേദമാകും. ഇതോടെ ഭൂരിഭാഗംപേരും സാധാരണജീവിതത്തിലേക്ക് വേഗം മടങ്ങും. പതിവുപോലെ വ്യായാമം ചെയ്യുന്നവരും കായികാധ്വാനത്തിലേർപ്പെടുന്നവരുമുണ്ട്. ഇവരിൽ ഭൂരിഭാഗത്തിനും ഹൃദയാഘാതവും പക്ഷാഘാതവുമുണ്ടാകുന്നുണ്ട്. ഹൃദ്രോഗംമൂലം മരണസംഖ്യയും ഉയരുകയാണ്.
കോവിഡ് ബാധിച്ചപ്പോഴുള്ളതിനെക്കാൾ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ രോഗം ഭേദമായതിനുശേഷം ഉണ്ടാകുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ കണ്ടെത്തൽ. രോഗബാധിതരിൽ 15 ശതമാനം പേർക്ക് മൂന്നുമാസംവരെ സ്ഥായിയായ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. കടുത്ത ക്ഷീണം, തലവേദന, നെഞ്ചുവേദന, മാനസികസമ്മർദ്ദം, ന്യുമോണിയ, മുടികൊഴിച്ചിൽ, ഉറക്കമില്ലായ്മ, സന്ധിവേദന, തൊലിപ്പുറത്ത് കുരുക്കളും പാടുകളും, ഓർമക്കുറവ്, ഒന്നിലധികം അവയവങ്ങൾക്ക് ഒരേസമയം പ്രവർത്തനക്ഷമതയില്ലാതാകൽ എന്നിവയാണ് ഭൂരിഭാഗംപേരിലും കണ്ടുവരുന്നത്. ചിലരിൽ രക്തക്കുഴലുകളിൽ നീർവീക്കമുണ്ടാകും. രക്തം കട്ടപിടിക്കാനുള്ള സാധ്യതയും കൂടും. ഈ അവസ്ഥ അറിയാത്തവരാണ് ഏറെയും.
രോഗം ഭേദമാകുന്നതോടെ ശാരീരികക്ഷമതയ്ക്ക് പ്രാധാന്യം നൽകുന്നവർ ജിമ്മുകളിലേക്കും മറ്റും പോയിത്തുടങ്ങുന്നു. നടക്കാനും ഓടാനും പോകുന്നവരുമുണ്ട്. ഇതോടെ ശരീരത്തിൽ രക്തചംക്രമണം കൂടുകയും ഹൃദയാഘാതസാധ്യതയേറുകയും ചെയ്യുന്നു. രക്തക്കുഴലിലെ നീർവീക്കംമൂലം തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നത് പക്ഷാഘാതത്തിനും കാരണമാകുന്നു. കോവിഡ് മാറിയെന്നുകരുതി പതിവുജോലികൾ ചെയ്ത് തുടങ്ങുകയാണ് ഭൂരിഭാഗംപേരും.
Content Highlights: post covid complications, exercise after covid recovery, post covid symptoms
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..