ന്യൂഡൽഹി: കോവിഡിന്റെ അതിവേഗവ്യാപനം തുടരുന്ന ഇന്ത്യയിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 12 ദിവസംകൊണ്ട് എട്ടുശതമാനത്തിൽനിന്ന് 16.69 ശതമാനമായി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് ഒരുമാസംകൊണ്ട് 3.05 ശതമാനത്തിൽനിന്ന് 13.54 ശതമാനമായും കൂടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച രാവിലെവരെയുള്ള 24 മണിക്കൂറിനിടെ 2,61,500 പുതിയ കോവിഡ് കേസുകളും 1501 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, ഉത്തർപ്രദേശ്, ഡൽഹി, ഛത്തീസ്ഗഢ്, കർണാടകം, മധ്യപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് 79 ശതമാനം കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് പ്രതിദിന കേസുകൾ ഏറ്റവും കൂടുതൽ.

രാജ്യത്ത് ഇതുവരെ 1.48 കോടിപ്പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 19.25 ലക്ഷമാണ് സജീവ കേസുകൾ. ഇവയിൽ 65.02 ശതമാനവും കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്‌, ഉത്തർപ്രദേശ്, കർണാടകം എന്നീ സംസ്ഥാനങ്ങളിലാണ്. കോവിഡ് മൂലം ഇതുവരെ മരിച്ചത് 1,77,150 പേർ.

Content highlights: Positivity doubles in 12 days in the country, Health, COVID19, Corona Virus