ഉറക്കക്കുറവ് വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. ഏകദേശം 65.5 ശതമാനം വിദ്യാര്‍ഥികളും ഉറക്കസംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും അത് അവരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നുമാണ് അന്നല്‍സ് ഓഫ് ഹ്യൂമന്‍ ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളിലാണ് ഉറക്കക്കുറവ് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. 

ബ്രസീലിലെ ഫെഡറല്‍ യൂണിവേഴ്സിറ്റി ഓഫ് മാറ്റോ ഗ്രോസോയിലെ പ്രൊഫസര്‍ ഡോ. പൗലോ റോഡ്രിഗ്യൂസ് ആണ് പഠനത്തിന് മേല്‍നോട്ടം വഹിച്ചത്.1113 വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയത്. വിഷാദരോഗലക്ഷണങ്ങള്‍ കാണിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ നല്ല ഉറക്കം കിട്ടാത്തത് നാലുമടങ്ങ് കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.

പഠനത്തില്‍ പങ്കെടുത്ത 500-ല്‍ അധികം പേര്‍ക്ക് പകല്‍ സമയത്ത് കൂടുതലായി ഉറങ്ങാനുള്ള പ്രവണത ഉള്ളവരായിരുന്നു(ഇ.ഡി.എസ്.). ഇവര്‍ക്ക് വിഷാദരോഗം പിടിപെടാനുള്ള സാധ്യത രണ്ട് മടങ്ങ് കൂടുതലാണെന്ന് എടുത്തുപറയേണ്ടകാര്യമാണെന്ന് പഠനം ചൂണ്ടിക്കാട്ടി.

ഇ.ഡി.എസും ഉറക്കക്കുറവും ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളിലാണ് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. മാനസികാരോഗ്യം മോശമാകുന്നത് വിദ്യാര്‍ഥികളുടെ പഠനപ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും. സര്‍വകലാശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കണമെന്നും അത് അവരുടെ പഠനപ്രവര്‍ത്തനത്തെയും മാനസികാരോഗ്യത്തെയും സഹായിക്കുമെന്നും പഠനം നിര്‍ദേശിക്കുന്നു. 

വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ മുടക്കുന്നതിനും പഠനകാര്യങ്ങള്‍ ഒഴിവാക്കുന്നതിനും പകുതി വഴിവെച്ച് കോഴ്സ് ഉപേക്ഷിച്ചുപോകുന്നതിലേക്കും വരെ ഉറക്കക്കുറവ് വഴിവെക്കാന്‍ സാധ്യതയുണ്ടെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

വിദ്യാര്‍ഥികളും പ്രായപൂര്‍ത്തിയായവരും ആറുമണിക്കൂറിനും എട്ടുമണിക്കൂറിനുമിടയില്‍ ഉറങ്ങണമെന്നാണ് വിദഗ്ധാഭിപ്രായം.

 


Content Highlights: poor sleep affects mental health in tudents new study says