ഒരു കുഞ്ഞിന്റെ ആദ്യത്തെ സ്‌കൂള്‍ എന്നു പറയുന്നത് അവന്റെ അല്ലെങ്കില്‍ അവളുടെ വീടാണെന്നാണ് പറയാറ്. സ്വന്തം വീട്ടില്‍ നിന്ന് കിട്ടുന്ന അനുഭവങ്ങള്‍ അത് നല്ലതായാലും ചീത്തയായാലും അത് അവനെ സ്വാധീനിക്കും. കുട്ടിക്കാലത്ത് കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്ന കുട്ടികള്‍ക്ക് മുതിര്‍ന്നു കഴിയുമ്പോള്‍ അവരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്നതായിരിക്കും കുട്ടിക്കാലത്തെ മോശം അനുഭവങ്ങളുടെ ശേഷിപ്പെന്ന് പഠനം അടിവര ഇടുന്നു. 

യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌ലന്‍ഡിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ചൈല്‍ഡ് അബ്യൂസ് ആന്‍ഡ് നെഗ്ലറ്റ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 2888 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. 

കുട്ടിക്കാലത്ത് എട്ട് വ്യത്യസ്ത പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോയവരെയാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. 
അതിക്രമങ്ങള്‍ക്കിരയായവർ, ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിൽപ്പെട്ടുപോയവർ, മാനസികമായ പിരിമുറുക്കം അനുഭവിക്കുന്നവർ, മാതാപിതാക്കളുടെ വിവാഹമോചനം, കുടുംബാംഗങ്ങളിലാരെങ്കിലും ജയില്‍വാസം അനുഭവിച്ചിട്ടുള്ളവര്‍ തുടങ്ങി, മാനസിക, ശാരീരിക, ലൈംഗിക പീഡനങ്ങള്‍ ഇരയായവരെയും പഠനത്തിന് വിധേയമാക്കി. 

കുട്ടിക്കാലത്തുള്ള അതിയായ മാനസിക സമ്മര്‍ദങ്ങള്‍ക്ക് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ ദീര്‍ഘനാളത്തേക്ക് നിലനില്‍ക്കുന്ന പരിണിതഫലം ഉണ്ടാക്കാന്‍ കഴിയുമെന്ന് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ് സ്‌കൂള്‍ ഓഫ് പോപ്പുലേഷന്‍ ഹെല്‍ത്തിലെ ഫാക്കല്‍റ്റിയായ അസോസിയേറ്റ് പ്രൊഫസര്‍ ജാനറ്റ് ഫാന്‍സ്ലോ പറഞ്ഞു. 

കുട്ടിക്കാലത്ത് ഒരു മോശം അനുഭവം മാത്രം ജീവിതത്തില്‍ ഉണ്ടായവര്‍ക്കുപോലും പ്രായമേറുമ്പേള്‍ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടതായി വരുമെന്ന് പഠനം ചൂണ്ടിക്കാട്ടി. മാനസിക ആരോഗ്യമാത്രമല്ല, മറിച്ച് ശാരീരിക ആരോഗ്യത്തെയും ഇത്തരം അനുഭവങ്ങള്‍ സ്വാധീനിക്കുമെന്ന് പഠനം കൂട്ടിച്ചേര്‍ത്തു.

Content highlights: poor mental health results from negative childhood experiences new study