തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലായി മാസ്‌ക് ശരിയായരീതിയില്‍ ധരിക്കാത്തവര്‍ക്കെതിരേയും പോലീസ് നിയമനടപടികള്‍ സ്വീകരിച്ചുതുടങ്ങി. തിരഞ്ഞെടുപ്പിനു പിന്നാലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു.

മാസ്‌ക് കൃത്യമായി ധരിക്കല്‍, സാമൂഹികഅകലം പാലിക്കല്‍ എന്നിവ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനായിരുന്നു നിര്‍ദേശം. ഇതിനായി ക്രമസമാധാനച്ചുമതലയുളള എ.ഡി.ജി.പി. വിജയ് സാഖറെയെ നോഡല്‍ ഓഫീസറായി നിയോഗിച്ചു. തൊട്ടടുത്ത ദിവസംതന്നെ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്താകെ 236 പേര്‍ക്കുനേരെ കേസെടുത്തു. മാസ്‌ക് ധരിക്കാത്ത 862 പേര്‍ക്കെതിരേ നിയമ നടപടിയും സ്വീകരിച്ചു.

സംസ്ഥാനത്ത് ഇതുവരെ മാസ്‌ക് ധരിക്കാത്തതിന് 13,88,449 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചു. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 3,84,756 കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlights:  police have started taking legal action against those who do not wear masks properly