കൊച്ചി: ആരോഗ്യകിരണം പദ്ധതി പ്രകാരം രോഗിക്ക് മരുന്നു നല്‍കാതിരുന്ന മെഡിക്കല്‍ ഷോപ്പിനെതിരെ എറണാകുളം ഡ്രഗ്സ് ഇന്റലിജന്‍സ് വിഭാഗം കേസ് എടുത്തതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. എറണാകുളം ജില്ലയില്‍ കാഞ്ഞിരമറ്റം കീച്ചേരിയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും നല്കിയ കുറിപ്പടി പ്രകാരം കാഞ്ഞിരമറ്റം കീച്ചേരിയിലെ മീര മെഡിക്കല്‍സാണ് മരുന്ന് നല്‍കാത്തത്. ഇതിനെത്തുടര്‍ന്നുണ്ടായ പരാതിന്മേലാണ് നടപടി സ്വീകരിച്ചത്.
ഡോക്ടര്‍ കുറിച്ച മരുന്ന് സ്ഥാപനത്തില്‍ സ്റ്റോക്കുണ്ടായിരുന്നിട്ടും നല്‍കാതിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് എറണാകുളം ഡ്രഗ്സ് ഇന്റലിജന്‍സ് വിഭാഗം കേസെടുത്തത്. കുറിപ്പടിയില്‍ പറയുന്ന മരുന്ന് നല്‍കാതിരിക്കുക, ഡോക്ടര്‍ കുറിക്കുന്ന അളവ് നല്‍കാതിരിക്കുക, നിശ്ചിത കാലത്തേയ്ക്ക് കുറിക്കുന്ന മരുന്ന് നല്‍കാതിരിക്കുക എന്നീ തട്ടിപ്പുകള്‍ നടന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇപ്രകാരം ആരേഗ്യകിരണം പദ്ധതിയില്‍ നല്കിയ യാതൊരു ബില്ലും സ്ഥാപനത്തില്‍ നിന്നും കണ്ടെത്താനും സാധിച്ചിട്ടില്ല. പിടിച്ചെടുത്ത രേഖകളും മരുന്നുകളും കോടതിയില്‍ ഹാജരാക്കുമെന്ന് ഇന്റലിജന്‍സ് വിഭാഗം ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി മരുന്നു നല്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് ആരോഗ്യ കിരണം. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭ്യമല്ലാത്ത മരുന്നുകള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്നും രോഗികള്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്ന പ്രകാരമാണ് പദ്ധതി നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ തുക ആശുപത്രികള്‍ നേരിട്ട് മെഡിക്കല്‍ ഷോപ്പിന് നല്‍കും. ഇത്തരം വീഴ്ചകള്‍ വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി.
Content Highlights: KK Shailaja Teacher, Health Minister, Drugs Intelligence Department